.jpg?$p=74dd70a&f=16x10&w=856&q=0.8)
വിശ്വ ദീൻ ദയാലൻ | Photo: https://twitter.com/mkstalin, https://twitter.com/imrahultrehan
ചെന്നൈ: യുവ ടേബിൾ ടെന്നീസ് താരവും തമിഴ്നാട് സ്വദേശിയുമായ വിശ്വ ദീനദയാലൻ (18) വാഹനാപകടത്തിൽ മരണപ്പെട്ടു. ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ വിശ്വ ദീനദയാലൻ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നുവെന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) അറിയിച്ചു.
83-ാമത് സീനിയർ ദേശീയ അന്തർദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. ടീം അംഗങ്ങളായ രമേശ് സന്തോഷ് കുമാർ, അബിനാഷ് പ്രസന്നാജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവരോടൊപ്പമായിരുന്നു വിശ്വയുടെ യാത്ര. ഇവർ സഞ്ചരിച്ചിരുന്ന ടാക്സി കാറിൽ എതിർ ദിശയിൽനിന്നു വന്ന ട്രെയിലർ ഇടിക്കുകയായിരുന്നുവെന്ന് ടി.ടി.എഫ്.ഐ പറഞ്ഞു.
അപകടത്തിൽ ടാക്സി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ വിശ്വയെ നോർത്ത് ഈസ്റ്റിലെ ഇന്ദിരാ ഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി മെഡലുകൾ സ്വന്തമാക്കിയ താരമാണ് വിശ്വ. ഏപ്രിൽ 27-ന് ഓസ്ട്രേലിയയിലെ ലിന്റ്സിൽ നടക്കുന്ന ലോക ടേബിൾ ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനിരിക്കെയായിരുന്നു വിശ്വയുടെ വേർപാട്.
വിശ്വയുടെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. വിശ്വയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഹരിയാന സർക്കാർ വിശ്വയുടെ കുടുംബത്തിന് അഞ്ച് ലക്ഷം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..