കാബൂള്‍: അഫ്ഗാനിസ്താന്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ വോളിബോള്‍ ടീമിന്റെ പരിശീലകയായ സുരയ്യ അഫ്‌സാലിയാണ് (യഥാര്‍ഥ പേരല്ല) ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പരിശീലകന്‍ പറയുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബിന്റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്റെ വെളിപ്പെടുത്തല്‍. 

അഷറഫ് ഗാനി സര്‍ക്കാരിന്റെ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. ഈ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട്‌ താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന്‍ പറയുന്നു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1978-ലാണ് അഫ്ഗാനിസ്താന്‍ ദേശീയ വനിതാ വോളിബോള്‍ ടീം നിലവില്‍ വന്നത്.

Content Highlights: Taliban behead junior volleyball player who was part of Afghan women’s national team