സൂറിച്ച്: ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരേ സ്വിസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ക്രിമിനൽ നിയമനടപടി ആരംഭിച്ചു.

ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന, സ്വിറ്റ്സർലൻഡ് അറ്റോർണി ജനറൽ മൈക്കൽ ലോബറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണ് ഇൻഫാന്റിനോയെ പ്രതിസന്ധിയിലാക്കിയത്.

ഫുട്ബോൾ ലോകകപ്പിന് വേദി അനുവദിച്ചതിലെ അഴിമതി അടക്കമുള്ള വിവാദങ്ങൾ ഫിഫയെ ഉലച്ചിരുന്നു. ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിൽ, അഴിമതി അന്വേഷണത്തിന്റെ തലവനായിരുന്നു ലോബർ.

ലോബറും ഇൻഫാന്റിനോയും മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് മൈക്കൽ ലോബർ കഴിഞ്ഞ ആഴ്ച അറ്റോർണി ജനറൽ സ്ഥാനം രാജിവെച്ചു. മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥൻ റിനാൾഡോ ആർനോൾഡിനെതിരേയും നടപടിയുണ്ടാകും.

സംഭവത്തിൽ അന്വേഷണം നടത്തിയ സ്പെഷ്യൻ പ്രോസിക്യൂട്ടർ സ്റ്റെഫാൻ കെല്ലർ, ഇൻഫാന്റിനോയ്ക്കെതിരേ ക്രിമിനൽ നടപടി ആരംഭിക്കാമെന്ന് റിപ്പോർട്ട് നൽകി. സർക്കാർ ഓഫീസിന്റെ ദുരുപയോഗം, ഔഗ്യോഗിക രഹസ്യങ്ങൾ ലംഘിച്ചു, കുറ്റക്കാർക്ക് സഹായം ചെയ്തു എന്നിവയാണ് പ്രധാന കുറ്റങ്ങളായി പറഞ്ഞിരിക്കുന്നത്.

ഇൻഫാന്റിനോ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചകൾക്കെതിരേ നേരത്തേ പരാതി ലഭിച്ചിരുന്നു. ഒരുവർഷം മുമ്പുതന്നെ ഇക്കാര്യം വാർത്തയായി. എന്നാൽ ആ കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നായിരുന്നു ഇൻഫാന്റിനോയുടെ നിലപാട്. അന്നത്തെ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചചെയ്തതെന്ന് ഓർമയില്ലെന്ന് ഇരുവരും ഫെഡറൽ കോടതിയിൽ വ്യക്തമാക്കി. കോടതി ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Content Highlights:Swiss Prosecutor opened Criminal case against FIFA president Gianni Infantino