ന്യൂയോര്‍ക്ക്: നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലെ (എന്‍.ബി.എ) ഇന്ത്യന്‍ വംശജനായ ആദ്യ മുഴുവന്‍ സമയ റഫറി എന്ന നേട്ടം സ്വന്തമാക്കി സുയാഷ് മേത്ത. 

എന്‍.ബി.എയുടെ 2020-21 സീസണിലേക്കുള്ള ഔദ്യോഗിക അംഗമായി ബുധനാഴ്ച തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായത്. യു.എസിലെ മേരിലാന്‍ഡ് ബാള്‍ട്ടിമോര്‍ സ്വദേശിയാണ് സുയാഷ്. 

1980-കളിലാണ് സുയാഷിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയത്. അദ്ദേഹം എന്‍.ബി.എ ജി ലീഗിന്റെ അഞ്ചു സീസണില്‍ റഫറിയായി പങ്കെടുത്തിട്ടുമുണ്ട്. 

സുയാഷടക്കം മൂന്ന് ജി ലീഗ് റഫറിമാര്‍ക്ക് എന്‍.ബി.എ സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. 

നേരത്തെ 2015-ല്‍ ഡാലസ് മാവെറിക്‌സിനായി കളിക്കാനിറങ്ങിയ സത്‌നാം സിങ് ഭമാരയാണ് എന്‍.ബി.എയില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. അതിനു ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സോണിയ രാമന്‍, എന്‍.ബി.എയിലെ ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ പരിശീലകയായത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുയാഷ് മേത്തയുടെ നേട്ടവും.

Content Highlights: Suyash Mehta become first Indian origin referee to get into NBA