ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡോക്ടര്‍ മധു തോട്ടപ്പിള്ളില്‍ മാപ്പു പറഞ്ഞു.
ഡോക്ടറുടെ ട്വീറ്റ് കഴിഞ്ഞ ദിവസം വിവാദമായതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 'ആ ശവപ്പെട്ടികളില്‍ പി.എം കെയേഴ്‌സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ' എന്നായിരുന്നു മധുവിന്റെ ട്വീറ്റ്. തുടർന്ന് അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായിഒട്ടനവധിയാളുകൾ രംഗത്തെത്തി. സംഭവം വിവാദമായതോടെ ഡോക്ടര്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കാന്‍ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് തീരുമാനമെടുത്തത്.
ഇതോടെയാണ് വ്യാഴാഴ്ച ഡോക്ടര്‍ മാപ്പു പറഞ്ഞത്. മാപ്പപേക്ഷ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താന്‍ ഉപയോഗിച്ച വാക്കുകള്‍ അനുചിതവും ആസൂത്രണമില്ലാത്തവയുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ട്വീറ്റിലെ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തുന്നതായും കൂട്ടിച്ചേര്‍ത്തു.
''ജൂണ്‍ 16-ന് ഞാന്‍ ഒരു ട്വീറ്റ് ഇട്ടിരുന്നു. അതിനു ശേഷം ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ അനുചിതവും ആസൂത്രണമില്ലാത്തവയുമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാനത് പിന്‍വലിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മഹത്തായ ഈ രാജ്യത്തെ ജനങ്ങളേയും സൈന്യത്തെയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും നടത്തുന്ന മഹത്തായതും കഠിനവുമായ ശ്രമങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല''- മധു കുറിച്ചു.
ഐ.പി.എല്‍ തുടങ്ങിയ 2008 മുതല്‍ ചെന്നൈയുടെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളില്‍.
Content Highlights: Suspended CSK doctor tenders unconditional apology for Galwan post