ഋഷഭ് പന്തിനെ രക്ഷിച്ച ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവർ സുശീൽ മാന്നും കണ്ടക്ടർ പരംജീത്തും | Photo: ANI
ദെഹ്റാദൂണ്‍: വാഹനാപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നിനെ ആദരിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഈവരുന്ന റിപ്പബ്ലിക്ക് ദിനത്തില്‍ സുശീല്‍ മാന്നിനെ ആദരിക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ഇക്കഴിഞ്ഞ 30-ാം തീയതി പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡല്‍ഹി - ദെഹ്റാദൂണ്‍ ഹൈവേയില്‍ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തി. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്വെയ്സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കാറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ താരത്തിന്റെ ദേഹമാസകലം രക്തമായിരുന്നു. ബസിലെ യാത്രക്കാരില്‍ ഒരാളുടെ തുണികൊണ്ട് പന്തിനെ പൊതിഞ്ഞു. പിന്നാലെ സുശീല്‍ ആംബുലന്‍സ് വിളിക്കുകയും ചെയ്തു. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
നിലവില്‍ ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ് താരം. അപകടത്തില്‍ പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളാണുള്ളത്. വലതുകാല്‍മുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാല്, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ദെഹ്റാദൂണിലെ മാക്സ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. എന്നാല്‍, ഗുരുതര പരിക്കുകളില്ല. നെറ്റിയിലെ പരിക്കിന് ശനിയാഴ്ച പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. വിദഗ്ധചികിത്സയ്ക്കായി താരത്തെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും.
നേരത്തെ സുശീല്‍ കുമാറിനെയും പരംജീത്തിനെയും ഉത്തരാഖണ്ഡ് പോലീസ് ആദരിച്ചിരുന്നു. വി.വി.എസ് ലക്ഷ്മണ് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സുശീലിന്റെ സമയോജിതമായ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
''പുലര്‍ച്ചെ 4.25-നാണ് ബസ്, ഹരിദ്വാറില്‍ നിന്ന് പുറപ്പെട്ടത്. ബസിന്റെ ഏകദേശം 100 മീറ്റര്‍ മാറിയാണ് കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയത്. കാര്‍ ബസിന്റെ നേര്‍ക്ക് വന്നതോടെ യാത്രക്കാര്‍ ഭയന്നു. കാര്‍ വശത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് നാല് തവണ മറിഞ്ഞു. ക്രിക്കറ്റ് പിന്തുടരാത്തതുകൊണ്ട് എനിക്ക് അദ്ദേഹത്തെ മനസിലായില്ല. വളരെ വേഗം അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറില്‍ കിടത്തി. അദ്ദേഹം വെള്ളം ചോദിച്ചപ്പോള്‍ അത് നല്കി. യാത്രക്കാരിലൊരാള്‍ തുണികൊണ്ട് അദ്ദേഹത്തിന്റെ ശരീരം മറച്ചു, പിന്നീടാണ് പൊലീസില്‍ വിവരം അറിയിച്ചത്.'' - സുശീല്‍ മാന്‍ പറഞ്ഞു.
Content Highlights: Sushil Mann to be honoured by government on Republic Day for helping Rishabh Pant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..