ന്യൂഡല്‍ഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിന് മറ്റൊരു തിരിച്ചടി കൂടി. റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നടപടി. 

കേസില്‍ ഞായറാഴ്ച സുശീല്‍ അറസ്റ്റിലായി 48 മണിക്കൂര്‍ പിന്നിട്ടതോടെയാണ് റെയില്‍വേ നടപടിയിലേക്ക് കടന്നത്.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. ഡല്‍ഹി രോഹിണി കോടതിയാണ് സുശീലിനെയും കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനെയും റിമാന്‍ഡ് ചെയ്തത്. ഡല്‍ഹി പോലീസ് 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ആറു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

ശനിയാഴ്ച വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ചാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ സുശീല്‍ കുമാറിനെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സുശീല്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

മെയ് നാലാം തീയതി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കുമാര്‍ കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സുശീല്‍ ഒളിവില്‍ പോകുകയായിരുന്നു.

Content Highlights: Sushil Kumar suspended from Railways after arrest in murder case