ന്യൂഡൽഹി: യുവ ഗുസ്തി താരം സാഗർ റാണയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ കുരുക്കി പുതിയ ചിത്രങ്ങൾ പുറത്ത്. ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാല ജതേദിയുടെ സഹോദരൻ പ്രദീപിനൊപ്പം ഇരിക്കുന്ന സുശീൽ കുമാറിന്റെ ചിത്രമാണ് പുറത്തുവന്നത്. 2018 ഡിസംബർ 18-ന് ഫെയ്സ്ബുക്കിൽ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

സുശീൽ കുമാറിനൊപ്പം ഇരിക്കുന്നത് കാല ജതേദിയുടെ സഹോദരൻ പ്രദീപാണെന്ന് ഡൽഹി പോലീസും സ്ഥിരീകരിച്ചു. നിലവിൽ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സുശീൽ കുമാർ.

സുശീൽ കുമാറിന്റേയും സംഘത്തിന്റേയും ആക്രമണത്തിൽ സാഗർ റാണയ്ക്കൊപ്പം പരിക്കേറ്റ സോനു മഹലും കാല ജതേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെ സുശീൽ മർദിച്ചതോടെ സുശീലും കാല ജതേദിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും പോലീസ് വ്യക്തമാക്കുന്നു.

സാഗർ റാണയേയും സോനുവിനേയും മർദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സ്കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബവാനയെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനരായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.

തുടർന്ന് ഒളിവിലായ സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 18 ദിവസത്തോളം ഇരുവരും പോലീസിനെ വെട്ടിച്ചുകഴിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നിൽവെച്ച് സാഗർ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ അറസ്റ്റ് തടയണമൊവശ്യപ്പെട്ട് മേയ് പതിനെട്ടിന് സുശീൽ ഡൽഹി രോഹിണിയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി.

രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ ജേതാവാണ് സുശീൽ. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിയും നേടി.

Content Highlights: Sushil Kumar arrested More trouble for Olympian after image with gangster Kala Jathedi’ s brother resurfaces