മുംബൈ: യുഎഇയിൽ നടന്ന കഴിഞ്ഞ സീസൺ ഐപിഎല്ലിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ സ്ലഡ്ജ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. കോലിയുടെ തുറുച്ചുനോട്ടത്തെ ധീരതയോടെ നേരിട്ട സൂര്യകുമാർ ആരാധകരുടെ കൈയടിയും നേടി. ഇപ്പോൾ ആ സംഭവത്തെ കുറിച്ച് വീണ്ടും മനസ്സുതുറന്നിരിക്കുകയാണ് സൂര്യകുമാർ.

'കോലി തെറി പറഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിച്ചു. കാരണം ഞാൻ ക്രീസിൽ തുടർന്നാൽ മുംബൈ ജയിക്കുമെന്ന് കോലിക്ക് അറിയാം. എന്റെ വിക്കറ്റ് ലഭിച്ചാൽ അവർക്ക് മുംബൈയുടെ വേഗം കുറയ്ക്കാൻ കഴിയും. ഇതിലൂടെ വിജയിക്കാനുള്ള വഴിയും തെളിയും.

പിച്ചിൽ ഞാൻ എപ്പോഴും ശാന്തനായിരിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള പോരുകളിലേക്ക് ഞാൻ പോകാറില്ല. പ്രകോപിപ്പിച്ചാലും ശാന്തനായി നേരിടും.' മുംബൈ ഇന്ത്യൻസിന്റെ ഇൻസ്റ്റഗ്രാം പേജിൽ സൂര്യകുമാർ പറയുന്നു.

ആ മത്സരത്തിൽ മൂന്നു സിക്സും 10 ഫോറും സഹിതം സൂര്യകുമാർ 43 പന്തിൽ 79 റൺസ് അടിച്ചെടുത്തു. മുംബൈ അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

അതിനുശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ സൂര്യകുമാർ യാദവ് ഇന്ത്യക്കായി അരങ്ങേറി. ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ചുറി കണ്ടെത്തി. ഒപ്പം നേരിട്ട ആദ്യ പന്ത് തന്നെ സിക്സിലേക്ക് പറത്തി. ജോഫ്ര ആർച്ചറായിരുന്നു ബൗളർ. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ആ സിക്സ് അടിച്ചതാണെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കുന്നു.

Content Highlights: Suryakumar Yadav recalls IPL 2020 face off with Virat Kohli