ന്യൂഡല്‍ഹി: കുടുംബാംഗങ്ങളില്‍ രണ്ടു പേരുടെ മരണത്തിന് കാരണക്കാരായ കവര്‍ച്ചാ സംഘത്തിലെ മൂന്നു പേരെ പിടികൂടിയ പഞ്ചാബ് പോലീസിനും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനും നന്ദിയറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന.
'മൂന്ന് കുറ്റവാളികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ന് രാവിലെ പഞ്ചാബിലെത്തി കണ്ടിരുന്നു. ആത്മാര്‍ഥമായി അവരുടെ പരിശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഇനി തിരിച്ചുകിട്ടില്ല. പക്ഷേ, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീര്‍ച്ചയായും ഇത് സഹായിക്കും. എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് പോലീസിനും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനും നന്ദിയറിയിക്കുന്നു.' - റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.
പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഓഗസ്റ്റ് 19-നാണ് റെയ്‌നയുടെ കുടുംബാംഗങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ റെയ്നയുടെ അമ്മാവന്‍ അശോക് കുമാറും അദ്ദേഹത്തിന്റെ മകന്‍ കൗശല്‍ കുമാറും മരിച്ചിരുന്നു. അമ്മായി ആശ റാണി ഗുരതരാവസ്ഥയില്‍ തുടരുകയാണ്. മറ്റു രണ്ടു പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നെങ്കിലും അവര്‍ ആശുപത്രി വിട്ടു.
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍ പെട്ടവരാണ് പ്രതികള്‍. 11 സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്ത വ്യക്തമാക്കി.
പഠാന്‍കോട്ട് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ചേരിപ്രദേശത്ത് അറസ്റ്റിലായ മൂന്ന് പ്രതികള്‍ ഒത്തുചേര്‍ന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. പോലീസ് നടത്തിയ റെയ്ഡില്‍ പ്രതികളുടെ പക്കല്‍ നിന്ന് ആയുധമായി ഉപയോഗിക്കുന്ന രണ്ട് തടി കഷ്ണങ്ങള്‍, രണ്ട് സ്വര്‍ണ മോതിരം, 1530 രൂപ എന്നിവയാണ് കണ്ടെത്തിയത്.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവടങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഒരു സ്ഥലത്ത് നിന്ന് കവര്‍ച്ച നടത്തി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റും കടക്കലാണ് ഇവര്‍ ചെയ്തിരുന്നതെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
Content Highlights: Suresh Raina thanks Punjab CM, police for nabbing attackers of his kin