ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവയ് കിങ്‌സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ അതിഥിയായി എത്തിയതായിരുന്നു റെയ്‌ന. ഇതിനിടയില്‍ കമന്റേറ്ററുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍ താന്‍ ബ്രാഹ്മണനാണെന്ന് പറയുകയായിരുന്നു റെയ്ന. 

ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് കമന്റേറ്റര്‍ റെയ്‌നയോട് ചോദിക്കുകയായിരുന്നു. താന്‍ ബ്രാഹ്മണനാണെന്നും ചെന്നൈയുടെ സംസ്‌കാരം ഇഷ്ടപ്പെടുന്നുവെന്നും റെയ്‌ന മറുപടി നല്‍കി. 

'ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്കായി കളിക്കുന്നു. ഞാന്‍ ഇവിടുത്തെ സംസ്‌കാരം ഇഷ്ടപ്പെടുന്നു. സഹതാരങ്ങളെയെല്ലാം എനിക്കിഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി എന്നിവരുടേ കൂടെ ഞാന്‍ കളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ പഠിക്കാനായി. ചെന്നൈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഇനിയും കളിക്കാനാകുമെന്നാണ് പ്രതീക്ഷ.' റെയ്‌ന വ്യക്തമാക്കുന്നു.

വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് റെയ്‌ന. തമിഴ്‌നാട് സ്‌റ്റൈലില്‍ വസ്ത്രം ധരിച്ച് പൊതു പരിപാടികളില്‍ എത്തിയിട്ടുണ്ട്. മുപ്പത്തിനാലുകാരനായ റെയ്‌ന 2020-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Content Highlights: Suresh Raina called out on Twitter for his ‘I am also a Brahmin’ comment