മുംബൈ: ഇന്ത്യൻ ടീമിൽ അരങ്ങേറിയ നാളുകളിൽ മുതിർന്ന താരങ്ങളിൽ നിന്ന് അവഗണന നേരിട്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഡ്രസ്സിങ് റൂമിൽ ഒരു മുതിർന്ന താരം തന്നെ പരിഹസിച്ചുവെന്നാണ് തന്റെ ഓട്ടോബയോഗ്രഫി ആയ 'ബിലീവ്-വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മി'യിൽ റെയ്ന പറയുന്നത്.

'ടീമിലെ മുതിർന്ന കളിക്കാരിൽ ഒരാൾ പരിഹസിക്കാനായി എന്റെ അരികിലേക്ക് വന്നത് ഞാൻ ഓർക്കുന്നു. ഞാൻ മാത്രമാണ് എല്ലാ പ്രാക്റ്റീസ് സെഷനിലും പങ്കെടുക്കുന്നത് എന്നും അത് കണ്ടാൽ ഞാൻ മാത്രമാണ് മത്സരത്തിൽ കളിക്കാൻ പോകുന്നത് എന്ന് തോന്നുമെന്നും അദ്ദേഹം പരിഹസിച്ചു. എനിക്കൊപ്പം പരിശീലനത്തിന് വരൂ എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നെ സംബന്ധിച്ച് റാഗിങ് വലിയ കാര്യമല്ല. അതിന് ഞാൻ നന്ദി പറയുന്നത് എന്റെ ഹോസ്റ്റൽ ലൈഫിനോടാണ്.

ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ ഞാൻ റാഗിങ് ഒന്നും നേരിട്ടിട്ടില്ല. ചില താരങ്ങളുമായി ചില അസ്വാരസ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ചില സീനിയർ താരങ്ങളോട് ഹായ് പറഞ്ഞാൽ പോലും അവർ തിരിച്ചു ഹായ് പറയില്ല. പക്ഷേ അതൊന്നും ഞാൻ മനസ്സിൽവെച്ചിരുന്നില്ല.' റെയ്ന പുസ്തകത്തിൽ പറയുന്നു.

എം.എസ് ധോനിയും ഇർഫാൻ പഠാനും അടക്കമുള്ളവർക്ക് അവസരം നൽകിയ പരിശീലകൻ ഗ്രെഗ് ചാപ്പലാണ് ഇന്ത്യൻ ടീമിന്റെ മുഖച്ഛായ മാറ്റിയതെന്നും റെയ്ന ഓട്ടോബയോഗ്രഫിയിൽ കുറിക്കുന്നു. മികച്ച മത്സരഫലം ലഭിക്കാനാണ് ചാപ്പൽ പരിശ്രമിച്ചതെന്നും ജൂനിയർ താരങ്ങളോട് പെരുമാറുന്നത് പോലെ സീനിയർ താരങ്ങളോടും പെരുമാറിയതാണ് ചാപ്പലുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും റെയ്ന വ്യക്തമാക്കുന്നു.

Content Highlights: Suresh Raina Autobiography Memories with senior players