ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളോട് ക്ലാസ്‌റൂമിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. പഠിക്കാനാണ് വിദ്യാര്‍ഥികള്‍ കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ പോകുന്നതെന്നും അതായിരിക്കണം അവരുടെ പ്രഥമ ലക്ഷ്യമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഇരുപത്തിയാറാമത് ലാല്‍ ബഹദൂര്‍ ശാസ്ത്രി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് രാജ്യവ്യാപകമാകുകയായിരുന്നു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും അലിഗഢ് യൂണിവേഴ്‌സിറ്റിയും വിദ്യാര്‍ഥികള്‍ തെരുവിലേക്കറിങ്ങി. ഇവരെ ഡല്‍ഹി പോലീസ് അടിച്ചമര്‍ത്തിയതോടെ പിന്തുണയുമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും തെരുവിലെത്തി. ഇതിനെയെല്ലാം വിമര്‍ശിച്ചാണ് ഗവാസ്‌കര്‍ സംസാരിച്ചത്. 

ക്ലാസില്‍ ഇരിക്കേണ്ട യുവതലമുറ തെരുവിലിറങ്ങിയിരിക്കുകയാണ്. ചിലര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ആശുപത്രി മുറികളിലാണ്. ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ഓരോ പൗരനും ആദ്യം ചിന്തിക്കേണ്ടത്. ഗവാസ്‌കര്‍ പറയുന്നു. ഭൂരിപക്ഷം വിദ്യാര്‍ഥികളും ക്ലാസിലിരുന്ന് പഠിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭാവിയുണ്ടെങ്കില്‍ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ. എല്ലാവരും ഒരുമിച്ചുനിന്നാല്‍ മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂ എന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

അതേസമയം വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നതിലെ ആശങ്കയും ഗവാസ്‌കര്‍ പങ്കുവെച്ചു. കലുഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും ഇത് ആശങ്കപ്പെടുത്തുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു. 

Content Highlights: Sunil Gavaskar tells students to go back to classrooms CAA protests