ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരേ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് മുന്‍ക്രിക്കറ്റ് താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍. 

മെല്‍ബണ്‍ ടെസ്റ്റിന് മുന്‍പായി ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഓസിസിന്റെ പോരായ്മകള്‍ കണ്ടെത്തി അതില്‍ അവരെ തളയ്ക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ പൃഥ്വി ഷായ്ക്ക് പകരം കെ.എല്‍.രാഹുലിനെയും വിരാട് കോലിയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനെയും കൊണ്ടുവരണമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 

''ഇന്ത്യന്‍ ടീം നിലവിലെ സാഹചര്യത്തില്‍ രണ്ടുമാറ്റങ്ങളാണ് പ്രധാനമായും വരുത്തേണ്ടത്. പൃഥ്വി ഷായ്ക്ക് പകരം രാഹുല്‍ ഓപ്പണറായി വരണം. അതോടൊപ്പം അഞ്ചാമനോ ആറാമനോ ആയി ശുഭ്മാന്‍ ഗില്ലിനെയും ഇറക്കണം. ഇരുവരും മികച്ച ഫോമിലാണ്. ഇതുവഴി ബാറ്റിങ് പോരായ്മകള്‍ പരിഹരിക്കാനാകും.''-ഗവാസ്‌കര്‍ വ്യക്തമാക്കി.

''ആദ്യമത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം ബാറ്റിങ്ങലുണ്ടായ അപാകതയും ഫീല്‍ഡിങ് പ്രശ്‌നങ്ങളുമാണ്. മികച്ച ഫീല്‍ഡിങ് കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ടിം പെയ്‌നും ലബൂഷെയ്‌നും നേരത്തേ മടങ്ങേണ്ടവരാണ്. അവരെ പുറത്താക്കാനുള്ള അവസരം ലഭിച്ചിട്ടും പാഴാക്കിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അവര്‍ നേരത്തേ പുറത്തായിരുന്നെങ്കില്‍ ചുരുങ്ങിയത് 120 റണ്‍സിന്റെ ലീഡെങ്കിലും നമുക്ക് ലഭിച്ചേനേ.''-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. അടുത്ത ടെസ്റ്റ് മത്സരം ഡിസംബര്‍ 26 നാണ് ആരംഭിക്കുന്നത്. 

Content Highlights: Sunil Gavaskar suggests major changes in playing XI at MCG