Image Courtesy: Twitter
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ലാളിത്യത്തെ കുറിച്ച് പറഞ്ഞ് മുന്‍ താരം സുനില്‍ ഗാവസ്ക്കര്‍. ക്യാപ്റ്റനായിരിക്കെ ടീമിനൊപ്പമുള്ള വിമാനയാത്രകളില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ധോനി ഇക്കോണമി ക്ലാസില്‍ ടെലിവിഷന്‍ സംഘത്തോടൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് ഗാവസ്ക്കര്‍ പറഞ്ഞു.
മിഡ് ഡെയില്‍ എഴുതിയ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചിരിക്കുന്നത്. വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമേ ധോനി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആഭ്യന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമും എതിര് ടീമും സാധാരണ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് സഞ്ചരിക്കാറുള്ളത്. ടെലിവിഷന്‍, സൗണ്ട് ടെക്നീഷ്യന്മാര് അടക്കമുള്ളവര്‍ക്കും ഇതേ വിമാനത്തില്‍ തന്നെയാകും യാത്ര. ബിസിനസ് ക്ലാസില്‍ സീറ്റുകള്‍ പരിമിതമായതിനാല്‍ ക്യാപ്റ്റന്‍, കോച്ച്, ടീം മാനേജര്‍ എന്നിവര്‍ക്ക് മാത്രമാകും ഇവിടെ സീറ്റ് ലഭിക്കുക. അതേസമയം മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്ക് ഇക്കോണമി ക്ലാസിനു പകരം ബിസിനസ് ക്ലാസില്‍ യാത്ര അനുവദിക്കുന്ന നല്ല ശീലവും ഇന്ത്യന്‍ ടീമിനുണ്ട്. എന്നാല്‍ നായകനായിരുന്നപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്തിയപ്പോഴും ധോനി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷന്‍ ടെക്നീഷ്യന്മാര്ക്കൊപ്പം ഇക്കോമണി ക്ലാസില്‍ ചെന്നിരിക്കും', ഗാവസ്ക്കര്‍ കുറിച്ചു.
നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും ധോനിയുടെ ഈ മാതൃക പിന്തുടരുന്നതായി ഗാവസ്ക്കര്‍ പറഞ്ഞു. 2018-2019 ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയുടെ സമയത്ത് മുഹമ്മദ് ഷമി, ബുംറ എന്നിവരടക്കമുള്ള പേസര്‍മാര്‍ക്കായി കോലിയും ഭാര്യ അനുഷ്കയും തങ്ങളുടെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുകൊടുത്തിരുന്നു.
Content Highlights: Sunil Gavaskar revealed humble side of MS Dhoni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..