ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 15-ാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് ഫൈനലില്‍ പ്രവേശിച്ചു. 

സെമിയില്‍ ഇൻനൊനീഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുഹാസിന്റെ വിജയം. സ്‌കോര്‍: 21-9, 21-15. 

ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യന്‍ താരം നേരിടുക. ഇന്ത്യയുടെ തരുണ്‍ ധില്ലോണിനെ കീഴടക്കിയാണ് മസൂര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 21-16, 16-21,21-18. തരുണ്‍ വെങ്കലമെഡലിനായി മത്സരിക്കും. ഈ ഇനത്തിലെ ലോക ഒന്നാം നമ്പര്‍ താരമാണ് മസൂര്‍. തരുണ്‍ രണ്ടാം നമ്പര്‍ താരമാണ്. 

ടൂര്‍ണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്‌ട്രേറ്റാണ്. 

Content Highlights: Suhas Yathiraj progresses to Men's singles para-badminton SL4 final, Tarun Dhillon to play for bronze