കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ തലയില്‍വീണ് വൊളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം അപകടത്തെ തുടര്‍ന്ന് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്നും നാളെയുമായി നടക്കാനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു.

അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച നടന്ന ഹാമര്‍ത്രോ മത്സരത്തിനിടെയാണ് മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ച്, വൊളന്റിയറായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. പാലാ സെയ്ന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സനാണ് (17) തലയ്ക്ക് പരിക്കേറ്റത്. അഫീലിനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു. ഹാമര്‍ കോര്‍ട്ട് മുറിച്ചാണ് അഫീല്‍ വന്നത്. ഈ സമയം ഹാമര്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞിരുന്നു. ഇതാണ് കുട്ടിയുടെ തലയില്‍വീണത്.

പൂജാ അവധി വരുന്നതിനാല്‍ പെട്ടെന്ന് ഇനങ്ങള്‍ തീര്‍ക്കാനാണ് ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമാന്തരമായി നടത്തിയത്. ഇതില്‍ തെറ്റൊന്നുമില്ലെന്ന് സംഘാടകരായ കേരള അത്‌ലറ്റിക് അസോസിയേഷന്‍ ഓണററി സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.

അഫീലിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നായിരുന്നു സംഭവത്തിനു പിന്നാലെ സംഘാടകരുടെ വിശദീകരണം. വിദ്യാര്‍ഥിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

Content Highlights: Student injured during athletic meet Case was filed against the organizers