കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് വൊളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

വെള്ളിയാഴ്ച നടന്ന ഹാമര്‍ത്രോ മത്സരത്തിനിടെയാണ് മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ച്, വൊളന്റിയറായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. പാലാ സെയ്ന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീൽ ജോണ്‍സനാണ് (17) തലയ്ക്ക് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫീലിന് അടിയന്തരശസ്ത്രക്രിയ നടത്തി.

Student injured after Hammer falls to head The athletic championship was postponed
പാലായില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റിനിടെ വൊളന്റിയറായ അഫീൽ പരിക്കേറ്റ് വീണപ്പോള്‍ സഹായത്തിന് വിളിക്കുന്ന ഒഫീഷ്യല്‍സ്

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീൽ. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു. ഹാമര്‍ കോര്‍ട്ട് മുറിച്ചാണ് അഫീല്‍ വന്നത്. ഈ സമയം ഹാമര്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞിരുന്നു. ഇതാണ് കുട്ടിയുടെ തലയില്‍വീണത്.

പൂജാ അവധി വരുന്നതിനാല്‍ പെട്ടെന്ന് ഇനങ്ങള്‍ തീര്‍ക്കാനാണ് ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമാന്തരമായി നടത്തിയത്. ഇതില്‍ തെറ്റൊന്നുമില്ലെന്ന് സംഘാടകരായ കേരള അത്ലറ്റിക് അസോസിയേഷന്‍ ഓണററി സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.

Content Highlights: Student injured after Hammer falls to head The athletic championship was postponed