മാഞ്ചെസ്റ്റർ: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തിയ സ്മിത്ത് ആഷസ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ ഇതുവരെയായി അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 671 റണ്‍സാണ് സ്മിത്ത് നേടിയത്.ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. 

എന്നാല്‍ ഇതിനിടയില്‍ സ്മിത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ഹാര്‍മിന്‍സണ്‍. 'സ്മത്തിന് മാപ്പ് നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും നടത്തിയ പന്ത് ചുരണ്ടല്‍ അവരുടെ ബയോഡാറ്റയില്‍ എന്നുമുണ്ടാകും. സ്മിത്ത് എന്തൊക്കെ ചെയ്താലും പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരിലാകും ഓര്‍മിക്കപ്പെടുക. മരണം വരെ അത് കൂടെയുണ്ടാകും.' ഹാര്‍മിസണ്‍ കുറ്റപ്പെടുത്തുന്നു.

ഇംഗ്ലണ്ടിനായി 63 ടെസ്റ്റുകള്‍ കളിച്ച താരമാണ് ഹാര്‍മിസണ്‍. മാഞ്ചസ്റ്ററില്‍ അവസാനിച്ച നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്്സില്‍ 211 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സും സ്മിത്ത് നേടിയിരുന്നു. 82 ആണ് ഈ ആഷസില്‍ സ്മിത്തിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. 

Content Highlights: Steve Harmison on Steve Smith Ashes Test Cricket