Photo: AFP
കോഴിക്കോട്: സംസ്ഥാന വോളിബോള്‍ അസോസിയേഷന് വീണ്ടും കേരള സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ സസ്‌പെന്‍ഷന്‍. ദേശീയ വോളിബോള്‍ ഫെഡറേഷന് (വി.എഫ്.ഐ.) കേന്ദ്ര യുവജന, സ്‌പോര്‍ട്സ് മന്ത്രാലയത്തിന്റെ അംഗീകാരം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍, മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത മറ്റ് അസോസിയേനുകള്‍ക്കെതിരേ കൗണ്‍സില്‍ നടപടിയെടുത്തിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. കൗണ്‍സിലിന്റെ അംഗീകാരമില്ലെങ്കില്‍ അസോസിയേഷനും താരങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കില്ല.
നേരത്തേ തിരഞ്ഞെടുപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് ആരോപിച്ച് അസോസിയേഷന്റെ അഫിലിയേഷന്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നെങ്കിലും പിന്നീടുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷനെ അന്താരാഷ്ട്ര ഫെഡറേഷനും (എഫ്.ഐ.വി.ബി.) ഇന്ത്യന്‍ ഒളിമ്പിക് ഫെഡറേഷനും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ കൗണ്‍സില്‍ അഫിലിയേഷന് ചട്ടപ്രകാരം വോളി അസോസിയേഷന് അര്‍ഹതയുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
കൗണ്‍സിലിന് താത്പര്യമുള്ളവരെ അസോസിയേഷന്‍ ഭാരവാഹികളാക്കാന്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ കുറ്റപ്പെടുത്തി. സ്‌പോര്‍ട്സ് കൗണ്‍സില്‍ നിയമാവലി അനുസരിച്ചാണ് നടപടിയെന്നും ആരോപണങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കുമെന്നും സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ പറഞ്ഞു.
Content Highlights: State Volleyball Association again suspended by Kerala Sports Council
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..