ഫറോക്ക്: ഫറോക്ക് വെസ്റ്റ്‌നല്ലൂര്‍ കപ്പുറത്ത് വിട്ടില്‍ ബാബുജനും ഭാര്യ ബിന്ദുവും കായികരംഗത്ത് മികവ് തെളിയിച്ച് നാടിന്റെ താരങ്ങളാവുകയാണ്. 2016 മുതല്‍ 2019 വരെ ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ ബിന്ദുവും ബാബുജനും ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുണ്ട്.
2019-ലെ സംസ്ഥാന ക്ലാസിക് പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ 63 കിലോവിഭാഗത്തില്‍ ബിന്ദു സ്വര്‍ണവും 74 കിലോവിഭാഗത്തില്‍ ബാബുജന്‍ വെള്ളിയും നേടി. ഈ വര്‍ഷത്തെ ദേശീയ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ ബിന്ദു വെള്ളിയും നേടി. പഞ്ചഗുസ്തിയിലെ ഇടത്, വലത് വിഭാഗങ്ങളില്‍ ജില്ലാ - സംസ്ഥാന മത്സരങ്ങളിലായി ഒട്ടേറെ സ്വര്‍ണ മെഡലുകളും ബിന്ദു നേടിയിട്ടുണ്ട്. 2019-ലെ സംസ്ഥാന സ്‌ട്രോങ് വുമണായും ബിന്ദുവിനെ തിരഞ്ഞെടുത്തു.
പവര്‍ലിഫ്റ്റിങ്, തൈക്കോണ്ടോ ഇനങ്ങളില്‍ ബാബുജനും മെഡലുകള്‍ നേടിയിട്ടുണ്ട്. പരമ്പരാഗത കളരിയഭ്യാസ കുടുംബത്തിലായിരുന്നു ബാബുജന്റെ ജനനം. മിലിറ്ററി ഗ്രഫ് സര്‍വീസിലും, പിന്നീട് കണ്‍സ്ട്രക്ഷന്‍ ഫോര്‍മാനായും ജോലി ചെയ്യുന്നതിനിടെയാണ് ബിന്ദുവിനെ വിവാഹം കഴിക്കുന്നത്. വിവാഹാനന്തരം ഹിമാചലില്‍ ഭര്‍ത്താവിനൊപ്പം ഗ്രീന്‍ട്രാക്ക് പരിശീലനം നേടിയതോടെയാണ് ബിന്ദു കായികരംഗത്തേക്ക് കടന്നുവരുന്നത്. ബാബുജന്റെ പിന്തുണ ലഭിച്ചതോടെ പവര്‍ലിഫ്റ്റിങ്, പഞ്ചഗുസ്തി, ജിം തുടങ്ങി മേഖലകളിലേക്ക് ഇറങ്ങുകയായിരുന്നു . ഈ മേഖലകളിലെല്ലാം ഇവര്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.
ഇപ്പോള്‍ ഒളവണ്ണ ചെറേക്കാട്ട് വിനോദ് കുമാറിന്റെ കീഴില്‍ തൈക്കോണ്ടോ പരിശീലനവും രാമനാട്ടുകര യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ക്ലബ് പരിശീലകന്‍ സുധാകരന്‍ പരിയാപുരത്തിന്റെ കിഴില്‍ പവര്‍ ലിഫ്റ്റിങ് പരിശീലനവും നേടുന്നുണ്ട്. കൂടാതെ പഞ്ചഗുസ്തിയിലെ ദേശീയതാരവും കോഴിക്കോട് ജില്ലാ പോലീസ് ചാമ്പ്യനുമായ ജയാനന്ദന്‍ പരിയാപുരത്തിന്റെ ശിക്ഷണത്തില്‍ ബിന്ദുവും ബാബുജനും പഞ്ചഗുസ്തി പരിശീലനം തുടരുന്നു. മക്കളായ ബിന്‍ഷിനും അന്‍ഷിനും കായികതാരങ്ങളാണ്.
കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കേണല്‍ ജി.വി. രാജയുടെ ജന്മദിനമാണ് കേരളത്തില്‍ കായികദിനമായി ആഘോഷിക്കുന്നത്.
Content Highlights: State Sports Day Here is Strongwoman and her husband