തേഞ്ഞിപ്പലം: നെറ്റിന് മുകളിലൂടെ മാത്രം മികച്ച ഷോട്ടുകളെടുത്തിരുന്ന അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരമായ കെ.പി. ശ്രുതി കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നെറ്റിനകത്തേക്ക് ഒരു ഷോട്ടെടുക്കാനുള്ള പ്രയത്നത്തിലായിരുന്നു. ആ ഷോട്ട് മിസ്സായില്ല. യു.ജി.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഫലം വന്നപ്പോള്‍ മികച്ച മാര്‍ക്കോടെ ശ്രുതിയും പട്ടികയില്‍ ഇടം നേടി. നിസ്സാര മാര്‍ക്ക് കൂടി ഉണ്ടായിരുന്നെങ്കില്‍ ജെ.ആര്‍.എഫ്. കൂടി ലഭിക്കുമായിരുന്നു. ഇനി കളിക്കളമോ അധ്യാപനമോ ഇഷ്ടമുള്ള കോര്‍ട്ട് തിരഞ്ഞെടുക്കാം ശ്രുതിക്ക്.

ബിരുദപഠനം എം.ജി. സര്‍വകലാശാലയിലായിരുന്ന ശ്രുതി 2017-ലാണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ എം.കോം. പ്രവേശനം നേടിയത്. ക്ലാസുള്ളപ്പോഴെല്ലാം കളിയും പരിശീലനവുമായി ഓടിനടക്കുകയായിരുന്നു കാലിക്കറ്റിന്റെ ദേശീയ ടീമംഗവും അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരവുമായ ശ്രുതി. 

കളി കാരണം നഷ്ടമായ രണ്ടാം സെമസ്റ്ററിലെ ചില പേപ്പറുകള്‍ക്ക് പ്രത്യേക പരീക്ഷ കാത്തിരിപ്പാണ്. ബാഡ്മിന്റണ്‍ അക്കാദമി പരിശീലനവും, ഇന്ത്യന്‍ ക്യാമ്പും, ദേശീയ മത്സരങ്ങളും, അന്താരാഷ്ട്ര മത്സരങ്ങളുമൊക്കെയായി നിറഞ്ഞ് നില്‍ക്കുമ്പോള്‍ ക്ലാസ്സിലെ ഹാജര്‍ നിലയും കുറവായിരുന്നു.
സഹപാഠികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയായിരുന്നു പഠനം. ലോക്ക്ഡൗണില്‍ എല്ലാം നിശ്ചലമായ സമയത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ചായ ജെ. കീര്‍ത്തന്റെ പ്രേരണയിലാണ് അവസാനദിവസം നെറ്റ് പരീക്ഷക്ക് അപേക്ഷിച്ചത്. പരിശീലനവും കളിയുമെല്ലാം മുടങ്ങിയതോടെ കൂടുതല്‍ സമയം പഠനത്തിനായി മാറ്റിവെച്ചത് ഗുണം ചെയ്തതായി ശ്രുതി പറയുന്നു. കളിക്കളത്തില്‍ നിറഞ്ഞുനില്‍ക്കെ തന്നെ നേടിയ അക്കാദമിക് മികവിന് ഇരട്ടിമധുരമുണ്ട്.

ഇന്ത്യയിലെ ഒന്നാം റാങ്ക് ഡബിള്‍സ് താരമായിരുന്ന ശ്രുതി 2018, 2019 വര്‍ഷങ്ങളില്‍ രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2013, 2014 വര്‍ഷങ്ങളില്‍ രണ്ട് തവണ ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-2019 കാലയളവില്‍ നിരവധി ദേശീയ-അന്തര്‍ദേശീയ ജൂനിയര്‍-സീനിയര്‍ മത്സരങ്ങളിലും അനേകം മെഡലുകള്‍ കരസ്ഥമാക്കി. നാഷണല്‍ ഗെയിംസിലും മെഡല്‍ കരസ്ഥമാക്കിയ താരം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി പ്രതീക്ഷയിലാണ്. 

ശ്രുതിയുടെ വരവോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ടീം ദേശീയനിലവാരത്തില്‍ മുന്‍നിരയിലെത്തിയതും 10 വര്‍ഷത്തിന് ശേഷം പ്രതാപ കാലത്തേക്ക് തിരിച്ചെത്തിയതെന്നും കാലിക്കറ്റിലെ പരിശീലകനായ ജെ. കീര്‍ത്തന്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് നടക്കാവ് സ്വശേദിയായി ശ്രുതി എജ്യുക്കേഷന്‍ വകുപ്പില്‍ നിന്നു വിരമിച്ച അനില്‍കുമാറിന്റെയും ചാലിയം ഇമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്റെയും മകളാണ്.

Content Highlights: Sruthi proves that game is not a barrier to academic excellence