കൊളംബോ: 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയുടെ കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലിൽ ശ്രീലങ്ക ഒത്തുകളിച്ച് പരാജയപ്പെട്ടതാണെന്ന ആരോപണം പലതവണ ഉയർന്ന സാഹചര്യത്തിലാണ് ശ്രീലങ്കൻ സർക്കാറിന്റെ നീക്കം.

കായികമന്ത്രി ദലസ് അലഹപ്പെരുമയുടെ നിർദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ് റുവാൻചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. രണ്ടാഴ്ച്ച കൂടുമ്പോൾ അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

2011 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ലങ്കയുടെ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗാമേജയാണ് ഒത്തുകളി ആരോപണം വീണ്ടുമുന്നയിച്ചത്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗയും ഒത്തുകളി ആരോപണമുന്നയിച്ചിരുന്നു. ഫൈനൽ നടക്കുമ്പോൾ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കമന്റേറ്ററായി രണതുംഗയുമുണ്ടായിരുന്നു.

നിലവിൽ രാജ്യത്തെ ഊർജമന്ത്രി കൂടിയാണ് ആരോപണമുന്നയിച്ച മുൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ. '2011-ലെ ലോകകപ്പ് ഫൈനൽ നമ്മൾ വിറ്റതാണ്. കായിക മന്ത്രി ആയിരുന്നപ്പോഴും ഞാൻ ഇങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. 2011-ൽ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാൽ ആ മത്സരം നമ്മൾ വിറ്റു. കളിക്കാരെ ഞാൻ ഇതിലേക്ക് കൂട്ടിച്ചേർക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകൾ ഇതിൽ പങ്കാളികളാണ്.' ശ്രീലങ്കൻ മാധ്യമമായ സിരാസ ടിവിയിൽ നൽകിയ അഭിമുഖത്തിനിടെ മഹിന്ദാനന്ദ അലുത്ഗാമേജ ആരോപിച്ചു.

എന്നാൽ ഈ ആരോപണത്തിന് പിന്നാലെ ലങ്കയുടെ മുൻതാരങ്ങളായ മഹേള ജയവർധനയും കുമാർ സംഗക്കാരയും രംഗത്തെത്തിയിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെങ്കിൽ അദ്ദേഹം അത് ഐ.സി.സിക്കും അഴിമതിവിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തെത്തിയോ? എന്നായിരുന്നു വിവാദത്തോട് ജയവർധനയുടെ പ്രതികരണം. 2011-ൽ ലങ്കൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു സംഗക്കാര. അന്ന് ഫൈനലിൽ സെഞ്ചുറി നേടിയ താരമാണ് ജയവർധനെ.

content highlights: Sri Lankan government launches probe into 2011 World Cup final fixing allegation