കറാച്ചി: സുരക്ഷാ പ്രശ്‌നങ്ങള്‍ അവഗണിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ പര്യടനം നടത്തും. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20കളുമാണ് ലഹോറിലും കറാച്ചിയിലുമായി നടക്കുക. രണ്ടാംനിര ടീമിനെയാണ് ശ്രീലങ്ക അയക്കുന്നത്.
2009 മാര്‍ച്ചില്‍ ശ്രീലങ്കന്‍ ടീം ലഹോറില്‍ ആക്രമിക്കപ്പെട്ടിരുന്നു. അന്ന് പല കളിക്കാര്‍ക്കും പരിക്കേറ്റു. ടീം ബസിന് നേരേ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. അതിനുശേഷം ഇപ്പോഴാണ് ശ്രീലങ്ക വീണ്ടും പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.
പരമ്പരയുടെ മാച്ച് റഫറിയായി മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് ബൂണിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമിച്ചിട്ടുണ്ട്. എലൈറ്റ് പാനല്‍ അമ്പയര്‍മാരായ ജോയല്‍ വില്‍സണെയും മൈക്കല്‍ ഗഫിനെയും നിയോഗിച്ചു.
അതേസമയം, പരമ്പരയ്ക്കുള്ള ടീമിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു. സര്‍ഫറാസ് അഹമ്മദാണ് ക്യാപ്റ്റന്‍. മുതിര്‍ന്ന ബാറ്റ്സ്മാന്‍ മുഹമ്മദ് ഹഫീസിനെ ഒഴിവാക്കി. അടുത്തയിടെ പാകിസ്താന്റെ മുഖ്യപരിശീലകനായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും മിസ്ബാ ഉള്‍ ഹഖിനെ നിയമിച്ചിരുന്നു.
Content Highlights: Sri Lanka team to tour Pakistan as planned