-
കൊച്ചി: ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കെതിരേ രൂക്ഷപ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. മരണശേഷമെങ്കിലും സുശാന്തിനെ വെറുതേ വിടൂവെന്നും അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ശ്രീശാന്ത് ട്വിറ്റർ വീഡിയോയിൽ പറയുന്നു. ഇത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നോക്കാൻ പോലും താത്പര്യമില്ലെന്ന് വ്യക്തമാക്കി ക്യാമറയ്ക്ക് മുഖം കൊടുക്കാതെയാണ് ശ്രീശാന്തിന്റെ വീഡിയോ ആരംഭിക്കുന്നത്.
സുശാന്ത് എല്ലാവരേയും വിട്ടുപോയി. അനാവശ്യ വാർത്തകളാണ് സുശാന്തിനെ കുറിച്ച് പ്രചരിക്കുന്നത്. എന്താണ് അവന്റെ മനസിലുണ്ടായിരുന്നതെന്നോ ജീവിതത്തിൽ സംഭവിച്ചതെന്നോ നമുക്ക് ആർക്കും അറിയില്ല. അവന്റെ ആത്മാവിനെങ്കിലും സമാധാനം ലഭിക്കട്ടെ. നിത്യശാന്തി ലഭിക്കാൻ നമുക്ക് പ്രാർഥിക്കാം. ശ്രീശാന്ത് വീഡിയോയിൽ പറയുന്നു.
സ്വപ്നങ്ങൾ ഒരു ദിവസം പൂവണിയുമെന്നും ഒരിക്കലും തോറ്റു പിന്മാറരുതെന്നും ശ്രീശാന്ത് ഓർമിപ്പിക്കുന്നു. എന്തുണ്ടെങ്കിലും മാതാപിതാക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുക. പാതിവഴിയിൽ നിർത്തി പോകരുത്. അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ കാലം എനിക്കുണ്ടായിട്ടുണ്ട്. എല്ലാവരും അങ്ങനെയൊരു മോശം കാലത്തിലൂടെ കടന്നുപോയിട്ടുണ്ടാകാം. പക്ഷേ നിങ്ങൾ നിങ്ങളിൽ ഉറച്ചു വിശ്വസിക്കുക. ഒരു ദിവസം നിങ്ങളെ ലോകം അംഗീകരിക്കും. ശ്രീശാന്ത് വീഡിയോയിൽ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ് ധോനിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ് ധോനി-ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുശാന്ത് സിങ്ങ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീശാന്ത് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
content highlights: Sreesanth on Sushant Sing Rajput Death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..