ലൗസാന്‍: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനും മലയാളി താരവുമായ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) അത്‌ലറ്റ്‌സ് കമ്മിറ്റിയിലെ അംഗമായി തിരഞ്ഞെടുത്തു.

ഓണ്‍ലൈനായി നടത്തിയ എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിലാണ് ശ്രീജേഷിനെ തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ശ്രീജേഷ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2017 മുതല്‍ താരം കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ച് വരുന്നു.

ശ്രീജേഷ് ഉള്‍പ്പെടെ നാല് താരങ്ങളെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ശ്രീജേഷ് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീജേഷിന് പുറമേ മര്‍ലേനറെയ്ബാക്ക (പോളണ്ട്), മുഹമ്മദ് മെസ (സൗത്ത് ആഫ്രിക്ക), മാറ്റ് സ്വാന്‍ (ഓസ്‌ട്രേലിയ) എന്നീ താരങ്ങളെയും തെരെഞ്ഞെടുത്തു.

33 കാരനായ ശ്രീജേഷ് ദീര്‍ഘകാലം ഇന്ത്യയുടെ നായകനായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യയ്ക്ക് വേണ്ടി 208 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോള്‍വല കാക്കാന്‍ ശ്രീജേഷിന് സാധിച്ചു. 

Content Highlights: Sreejesh appointed FIH Athletes Committee member