ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ് കോർട്ടിൽ പി. അശ്വന്ത് കുട്ടികൾക്ക് സ്‌ക്വാഷ് പരിശീലനം നൽകുന്നു
കോഴിക്കോട്: ബാഡ്മിന്റണ്‍പോലെ റാക്കറ്റ് ഗെയിമായ സ്‌ക്വാഷും കേരളത്തില്‍ ചുവടുറപ്പിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ആറു ജില്ലകളില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് സംഘാടകരും സ്‌ക്വാഷ് ആരാധകരും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലാ ചാമ്പ്യന്‍ഷിപ്പുകളാണ് നടന്നത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി നാലുമുതല്‍ ആറുവരെ എറണാകുളത്ത് നടക്കും. പുരുഷ-വനിതാ വാഭാഗങ്ങളില്‍ സീനീയര്‍, മാസ്റ്റേഴ്‌സ് അണ്ടര്‍-13, 15, 17, 19 വിഭാഗങ്ങളിലാണ് മത്സരം. 115 താരങ്ങള്‍ പങ്കെടുക്കും. ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് തിരഞ്ഞെടുക്കും.
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന കായികയിനമാണ് സ്‌ക്വാഷ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സൗരവ് ഘോഷാലിന്റെ നേതൃത്വത്തില്‍ ഇത്തവണ ഇന്ത്യന്‍ പുരുഷ ടീം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായിരുന്നു. എന്നാല്‍, കേരളത്തില്‍ സ്‌ക്വാഷ് ഏറക്കുറെ അപരിചിതമായി തുടര്‍ന്നു. കേരളത്തില്‍ 2015-ല്‍നടന്ന ദേശീയ ഗെയിംസില്‍ സ്‌ക്വാഷ് മത്സരയിനമായിരുന്നു. തിരുവനന്തപുരത്താണ് കോര്‍ട്ട് ഒരുക്കിയിരുന്നത്.
കളിക്കളങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയാല്‍ സംസ്ഥാനത്തുനിന്ന് മികച്ച താരങ്ങള്‍ ഉയര്‍ന്നുവരുമെന്ന് കേരള കോച്ച് റിട്ട. നേവി ലഫ്റ്റനന്റ് കമാന്‍ഡര്‍ പി. അശ്വന്ത് ചൂണ്ടിക്കാട്ടി. കേരള സ്‌ക്വാഷ് റാക്കറ്റ്‌സ് അസോസിയേഷന്‍ മുന്‍താരവും ലവല്‍ വണ്‍ പരിശീലകനുമായ അശ്വന്തിനെ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഡയറക്ടറായി നിയമിച്ചിരുന്നു.
കോഴിക്കോട് സ്വദേശിയായ അശ്വന്ത് 2008-ല്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസറായതിനുശേഷമാണ് സ്‌ക്വാഷ് പരിശീലിക്കുന്നത്. ഒട്ടേറെ നേവി ടൂര്‍ണമെന്റുകളില്‍ മത്സരിച്ചു. 2019-ല്‍ വിരമിച്ചശേഷം പരിശീലനരംഗത്തെത്തി. തുടര്‍ന്ന് അശ്വന്തിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താന്‍ കേരള സ്‌ക്വാഷ് റാക്കറ്റ്‌സ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. അശ്വന്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഗെയിമിന്റെ പ്രചാര, പരിശീലന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. കോഴിക്കോട്ട് 30 കുട്ടികള്‍ ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ താത്കാലികമായി ഒരുക്കിയ കോര്‍ട്ടില്‍ പരിശീലനം നടത്തുന്നുണ്ട്.
Content Highlights: squash game kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..