ന്യൂഡല്‍ഹി: രാജ്യമാകെ അലയടിച്ച മോദി തരംഗത്തെ അഭിനന്ദിച്ച് കായികതാരങ്ങളും. വീരേന്ദര്‍ സെവാഗ്, സാനിയ മിര്‍സ, ഹര്‍ഭജന്‍ സിങ്ങ്, ശിഖര്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ അഭിനന്ദന ട്വീറ്റുമായി രംഗത്തുവന്നു.

ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയം കണ്ട ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനേയും അഭിനന്ദിക്കാന്‍ ഹര്‍ഭജന്‍ മറന്നില്ല. 'എന്റെ സഹോദരന്‍ ഗംഭീറിന് അഭിനന്ദനങ്ങള്‍, ബി.ജെ.പി നിങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കട്ടെ...'ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. ഗംഭീര്‍ ഇതിന് മറുപടിയും നല്‍കി. നിങ്ങളുടെ അഭിനന്ദനം എനിക്ക് വിലമതിക്കാനാകാത്തതാണ്. ഒരുപാടു പേരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ഗംഭീര്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍, നിങ്ങള്‍ക്ക് അഭിനന്ദനം, ഒപ്പം എല്ലാ ആശംസയും നേരുന്നു. സാനിയ മിര്‍സ ട്വീറ്റ് ചെയ്തു. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും രണ്ടാം ഇന്നിങ്‌സിന് അഭിനന്ദനങ്ങള്‍. മുന്നിലുള്ളത് മികച്ച അഞ്ചു വര്‍ഷങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതായിരുന്നു ധവാന്റെ ട്വീറ്റ്. 

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായത് വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് ആയിരുന്നു. മൂന്നു വാക്കില്‍ ഉത്തരം പറയൂ, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? എന്ന് ഫോളോവേഴ്‌സിനോട് സെവാഗ് ചോദിച്ചു. ഇതിന് പലരും പല തരത്തിലാണ് മറുപടി നല്‍കിയത്.

Content Highlights: sports stars react as Narendra Modi gears up for second stint as PM