ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരത്തിനായി കായിക രംഗത്തുനിന്ന് ഒമ്പത് പേരുകള്‍ നിര്‍ദേശിച്ച് കേന്ദ്ര കായിക മന്ത്രാലയം. പുരസ്‌കാരത്തിനായി കായിക മന്ത്രാലയം ശുപാര്‍ശ ചെയ്ത ഒമ്പതു പേരും വനിതകളാണെന്ന അപൂര്‍വതയും ഇക്കുറിയുണ്ട്. 

മാത്രമല്ല ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയുടെ പേര് പദ്മ വിഭൂഷണ്‍ പുരസ്‌കാരത്തിന് നിര്‍ദേശിച്ചെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ആറു തവണ ലോക ചാമ്പ്യനായ ബോക്‌സിങ് റിങ്ങിലെ ഇന്ത്യയുടെ ഇടിമുഴക്കമായ എം.സി മേരി കോമാണ് ഭാരത രത്‌നയ്ക്കു ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ വിഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ലഭിച്ചയാള്‍. രാജ്യം മേരിയെ 2013-ല്‍ പദ്മഭൂഷണും 2006-ല്‍ പദ്മശ്രീ ബഹുമതിയും നല്‍കി ആദരിച്ചിരുന്നു.

മേരി കോമിനെ കൂടാതെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ (ട്വന്റി 20) ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടര്‍ സുമ ഷിരുര്‍, പര്‍വതാരോഹകരായ ഇരട്ട സഹോദരിമാര്‍, താഷി, നുങ്ഷി മാലിക് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

ഇതിനു മുന്‍പ് കായിക രംഗത്തു നിന്ന് മൂന്ന് താരങ്ങള്‍ക്കാണ് പദ്മ വിഭൂഷണ്‍ ലഭിച്ചിട്ടുള്ളത്. ചെസ് മാന്ത്രികന്‍ വിശ്വനാഥന്‍ ആനന്ദ് (2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ (2008), പര്‍വതാരോഹകന്‍ സര്‍ എഡ്മണ്ട് ഹിലാരി (2008). ഇതില്‍ ഹിലാരിക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയത്.

ലോക ചാമ്പ്യനായ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശമാണ് ലഭിച്ചത്. 2017-ല്‍ സിന്ധുവിനെ പദ്മഭൂഷണ് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. 2015-ല്‍ പദ്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ (എം.എച്ച്.എ) പദ്മ പുരസ്‌കാര കമ്മിറ്റിക്ക് ശുപാര്‍ശകള്‍ അയച്ചിട്ടുണ്ട്. 2020 ജനുവരി 25-ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്ന് തിരഞ്ഞെടുത്ത അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കും.

ഭരണകക്ഷിയായ ബി.ജെ.പി സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 2016 ഏപ്രിലില്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട 36-കാരിയായ മേരി കോം, 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ ചരിത്രപരമായ വെങ്കലം നേടിയ ശേഷം 2020-ല്‍ ടോക്കിയോയില്‍ തന്റെ രണ്ടാമത്തെ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 48 കിലോ വിഭാഗത്തില്‍ ആറാം തവണയും മണിപ്പൂരി ബോക്‌സര്‍ കിരീടം ചൂടിയിരുന്നു.

റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് സിന്ധു അടുത്തിടെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ടൂര്‍ണമെന്റില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം.

Content Highlights: sports ministry sends 9 names for padmas all women