കായിക മന്ത്രി വി. അബ്ദുറഹിമാൻ, ഫുട്ബോൾ താരം അനസ് എടത്തൊടിക എന്നിവർ | Photo: mathrubhumi
കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് (ജി.എ.ഡി) സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്. അനസിന് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം വളരെ നേരത്തെ തന്നെ തന്റെ ശ്രദ്ധയില്‍പ്പെട്ടതാണെന്നും രണ്ടു മാസങ്ങള്‍ക്ക് മുമ്പു തന്നെ അനസിനെ വീട്ടില്‍ പോയി കണ്ട് ജോലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ഉറപ്പ് നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു.
കായിക താരങ്ങള്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് സ്പോര്‍ട്സ് കൗണ്‍സിലിലാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ കായിക വകുപ്പ് വഴി ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയാണ് ചെയ്യുന്നത്. ഏതൊരു കായിക താരമാണെങ്കിലും അദ്ദേഹം ജോലിക്ക് ഒരു അപേക്ഷ കൊടുത്തു എന്നുവെച്ച് പെട്ടെന്ന് ജോലി കൊടുക്കാന്‍ സാധിക്കില്ല. അതിന് സര്‍ക്കാരിന്റേതായ നടപടിക്രമങ്ങളുണ്ട്. ഒരു വര്‍ഷം കേരളത്തിനായി വിവിധ കായിക ഇനങ്ങളില്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മറ്റും മികവ് പുറത്തെടുത്ത 50 കായിക താരങ്ങളെയാണ് ജോലിക്കായി പരിഗണിക്കുക. ഇത്തരത്തില്‍ ജി.എ.ഡി പുറത്തിറക്കുന്ന അടുത്ത പട്ടികയില്‍ അനസിന്റെ പേരുണ്ടാകുമെന്നും അദ്ദേഹത്തിന്റെ പോസ്റ്റിങ് നടക്കുകയും ചെയ്യുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം നേരത്തെ തന്നെ തനിക്ക് ലഭിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ജോലിക്ക് തടസം നിന്നത് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലുള്ള സീനിയര്‍ താരങ്ങള്‍ തന്നെയാണെന്ന അനസിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ മന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. അനസിന്റെ ജോലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം മന്ത്രിയെ നേരിട്ട് കണ്ട് കത്ത് നല്‍കിയിരുന്നതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അനസിനെ സര്‍ക്കാര്‍ അവഗണിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി - ടി.വി ഇബ്രാഹിം എംഎല്‍എ
കൊണ്ടോട്ടി ഇ.എം.ഇ സ്കൂളില്‍ ടി.വി ഇബ്രാഹിമിന്റെ വിദ്യാര്‍ഥി കൂടിയായിരുന്നു അനസ്.
''ഞാന്‍ അനസിന്റെ അധ്യാപകനും നാട്ടുകാരനും കൂടിയാണ്. കൊണ്ടോട്ടി ഇ.എം.ഇ സ്കൂളിലാണ് അനസിനെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം കൂടിയുള്ളയാളാണ്. കഴിഞ്ഞ തവണ എ.സി മൊയ്തീന് കായിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് തന്നെ അനസിന്റെ ജോലിക്കാര്യം മന്ത്രിയുമായി സംസാരിച്ചിരുന്നു. അന്ന് അനസിനു കൂടി താത്പര്യപ്പെടുന്ന സമയത്ത് ജോലിയുടെ കാര്യം നോക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതാണ്. അന്ന് അനസ് താത്പര്യം അറിയിച്ചത് വളരെ വൈകിയാണ്. എങ്കിലും അനസിന്റെ കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനു ശേഷം വന്ന ലിസ്റ്റില്‍ അനസിന്റെ പേരില്ലാതിരുന്നതിനാലാണ് മന്ത്രി വി. അബ്ദുറഹിമാനെ നേരിട്ട് പോയി കണ്ടത്. അനസിനെ സര്‍ക്കാര്‍ അവഗണിക്കില്ലെന്നും ഇനി വരാന്‍ പോകുന്ന ലിസ്റ്റില്‍ അനസിന്റെ പേര് ഉറപ്പായും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.''
15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ കേരളത്തിനും ഇന്ത്യന്‍ ടീമിനായും ബൂട്ടുകെട്ടിയ അനസിന് ഇതുവരെ ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് പോലും വിവിധ വകുപ്പുകളില്‍ ജോലി ലഭിക്കുമ്പോഴാണ് അനസിനെ പോലൊരു താരം ഇത്തരത്തില്‍ അവഗണനയ്ക്ക് ഇരയാകുന്നത്. ഇതിനു പിന്നാലെ ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ജോലിക്ക് തടസം നില്‍ക്കുന്നത് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലുള്ള സീനിയര്‍ താരങ്ങളാണെന്ന വെളിപ്പെടുത്തലുമായി അനസ് രംഗത്തെത്തിയത്.
ഈ വിഷയത്തില്‍ അനസ് മാതൃഭൂമി ഡോട്ട്കോമിന് നല്കിയ പ്രതികരണം
''മുമ്പ് വിവിധ ഡിപ്പാര്‍ട്ട്മെന്റ് ജോലികള്‍ക്കായി ഞാന്‍ ശ്രമിച്ചിരുന്നു. അതിനായി സ്പോര്‍ട്സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചതുമാണ്. എന്നാല്‍ അക്കാര്യത്തിലെല്ലാം അവഗണന മാത്രമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞങ്ങളുടെ സീനിയര്‍ താരങ്ങളില്‍ പലരും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ തലപ്പത്തും മറ്റുമായുണ്ട്. ഒരു കളിക്കാരന് ഒരു ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ഇത്തരത്തിലുള്ള സീനിയര്‍ താരങ്ങളോട് ചോദിക്കും ഇങ്ങനെ ഒരാള്‍ അപേക്ഷിച്ചിട്ടുണ്ട് അയാള്‍ വന്നാല്‍ അത് ആ ടീമിന് കൂടി ഗുണം ചെയ്യുമോ എന്ന്. എന്നാല്‍ എന്നെ എടുക്കണ്ട എന്നാണ് പല സീനിയര്‍ ഫുട്ബോള്‍ താരങ്ങളും പറഞ്ഞതെന്നാണ് ഞാനറിഞ്ഞ വിവരം. കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളുകളുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കുന്ന പക്ഷം ആ ആളുകളുടെ പേരുകള്‍ ഉറപ്പായും വെളിപ്പെടുത്തും. എന്തൊക്കെയാണെങ്കിലും ഇവരെല്ലാം ഞങ്ങളുടെ സീനിയേഴ്സ് അല്ലേ. ഇത്തരത്തില്‍ എന്റെ ജോലിക്ക് തടസം നിന്നവര്‍ അവര്‍ ആരുമാകട്ടെ അവര്‍ എന്റെ കുടുംബത്തെ കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണല്ലോ എനിക്ക് ജോലി നിഷേധിക്കപ്പെട്ടത്. എന്നാല്‍ അവരുടെ കുടുംബത്തെ കുറിച്ച് ഞാന്‍ ആലോചിക്കുന്നതുകൊണ്ടാണ് അത്തരക്കാരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടാത്തത്.''
Content Highlights: Sports Minister promises govt job for anas edathodika procedures will be expedited
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..