Image Courtesy: Twitter
കോഴിക്കോട്: സ്‌പോര്‍ട്സ് ഹോസ്റ്റലുകളില്‍നിന്ന് 200-ഓളം കായികതാരങ്ങളെ പുറത്താക്കിയ നടപടി സ്‌പോര്‍ട്സ് കൗണ്‍സില്‍ പിന്‍വലിച്ചു. ഇതിനൊപ്പം സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകളിലേക്ക് ഈ വര്‍ഷം താരങ്ങളെ നല്‍കേണ്ടെന്ന തീരുമാനത്തില്‍ മാറ്റംവരുത്തും.
വ്യാഴാഴ്ച നടന്ന യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. കുട്ടികളെ പുറത്താക്കിയതും സ്‌പോര്‍ട്സ് കൗണ്‍സില്‍ നേരിട്ടുനടത്തുന്ന കേന്ദ്രീകൃത ഹോസ്റ്റലുകളിലേക്ക് മാത്രമായി കുട്ടികളെ തിരഞ്ഞെടുത്തതും വിവാദമായ പശ്ചാത്തലത്തിലാണ് കൗണ്‍സില്‍ തീരുമാനം പുനഃപരിശോധിച്ചത്. ഇതിനുപുറമേ ദിനബത്ത കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഹോസ്റ്റലുകള്‍ക്കാണ് തുക ലഭിക്കുന്നത്. 200 രൂപയാണ് ദിനബത്തയായി നല്‍കുന്നത്.
ആദ്യവര്‍ഷത്തെ മികവ് വിലയിരുത്തി സ്‌കൂള്‍-കോളേജ് തല ഹോസ്റ്റലുകളില്‍നിന്ന് 200-ഓളം കുട്ടികളെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇവരുടെ പട്ടികയും പുറത്തുവിട്ടിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലവുംകൂടി കണക്കിലെടുത്ത് ഈ വര്‍ഷം കടുത്ത നടപടി വേണ്ടെന്ന തീരുമാനത്തിലേക്ക് യോഗമെത്തി.
കോളേജ്-പ്ലസ് വണ്‍ സ്‌കൂള്‍ തലത്തില്‍ കേന്ദ്രീകൃത ഹോസ്റ്റലുകളിലേക്ക് 227 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. മറ്റ് ഹോസ്റ്റലുകളിലേക്ക് ഈ വര്‍ഷം കുട്ടികളെ നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു. ഈ നയത്തില്‍ മാറ്റംവരും. കോളേജ്-സ്‌കൂള്‍ ഹോസ്റ്റലുകളെ പൂര്‍ണമായും ഒഴിവാക്കേണ്ടെന്നാണ് പുതിയ തീരുമാനം. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ കോളേജ്/സ്‌കൂള്‍ ഹോസ്റ്റല്‍ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നാണ് പുതിയ നിലപാട്.
കോവിഡ് വ്യാപനത്തിന്റെയും നിലവിലെ സമ്പ്രദായം പരിഷ്‌കരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് സ്പോര്‍ട്‌സ് കൗണ്‍സില്‍ മാറ്റങ്ങള്‍ വരുത്തിയത്. കേന്ദ്രീകൃത ഹോസ്റ്റലുകളിലേക്ക് മാത്രമായി താരങ്ങളെ തിരഞ്ഞെടുത്തു. കോളേജ് തലത്തില്‍നിന്ന് 82 കുട്ടികളെയും പ്ലസ് വണ്‍ തലത്തില്‍നിന്ന് 109 കുട്ടികളെയും സ്‌കൂള്‍ തലത്തില്‍ 36 കുട്ടികളെയും തിരഞ്ഞെടുത്തു. കോളേജ്-സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് ഇത്തവണ കുട്ടികളെ നല്‍കേണ്ടെന്നും തീരുമാനിച്ചു. ഇതിനുപുറമേയാണ് പ്രകടനം വിലയിരുത്തി ആദ്യവര്‍ഷത്തിനുശേഷം കുട്ടികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സാധാരണ രീതിയില്‍ എടുക്കുന്നതിന്റെ പകുതിയില്‍ താഴെ കുട്ടികള്‍ക്കു മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്.
Content Highlights: sports council withdraws controversial decision on hostel admission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..