മലാഗ: കൊറോണ വൈറസ് ബാധിച്ച സ്പാനിഷ് കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍സിയ അന്തരിച്ചു. മലാഗയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് 21-കാരനായ ഗാര്‍സിയ. സ്‌പെയ്‌നിലെ അത്‌ലറ്റിക്കോ പോര്‍ട്ടാഡ ആള്‍ട്ടയുടെ യൂത്ത് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചുവരികെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

രക്താര്‍ബുദ ബാധിതനായിരുന്ന ഗാര്‍സിയയെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. പിന്നീട് പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തിങ്കളാഴ്ചയാണ് മരണം സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ചിച്ച് ക്ലബ്ബും പ്രസ്താവന പുറത്തിറക്കി.

ലോകമെമ്പാടും ഏഴായിരത്തോളം ജീവനെടുത്ത കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് സ്‌പെയ്‌നിലെ കായിക മത്സരങ്ങളെല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Content Highlights: Spanish football coach Francisco Garcia died of Coronavirus in Malaga