ഭുവനേശ്വര്‍: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ റെക്കോഡ് സ്വന്തമാക്കി സ്‌പെയിന്‍. ജൂനിയര്‍ ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കുന്ന ടീം എന്ന റെക്കോഡാണ് സ്‌പെയിന്‍ നേടിയത്. 

പൂള്‍ സിയില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തിലാണ് സ്‌പെയിന്‍ റെക്കോഡ് നേടിയത്. യു.എസ്സിനെ എതിരില്ലാത്ത 17 ഗോളുകള്‍ക്കാണ് സ്‌പെയിന്‍ നാണം കെടുത്തിയത്. അര്‍ജന്റീനയുടെ പേരിലുള്ള റെക്കോഡ് ഇതോടെ പഴങ്കഥയായി. 

ഈജിപ്തിനെ 14-0 ന് തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന റെക്കോഡ് ഇത്രയുംകാലം കൈവശം വെച്ചത്. ഭുവനേശ്വറില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ മിക്ക മത്സരങ്ങളിലും ഗോള്‍മഴയാണ്. 

ഇന്ത്യന്‍ ടീം കാനഡയെ 13-1 ന് തോല്‍പ്പിച്ച് വലിയ വിജയം നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ നെതെര്‍ലന്‍ഡ്‌സ് 12-5 ന് കൊറിയയെ തകര്‍ത്തു. ഫ്രാന്‍സ് 7-1 നാണ് പോളണ്ടിനെ വീഴ്ത്തിയത്. ഡിസംബര്‍ അഞ്ചിനാണ് ലോകകപ്പ് ഫൈനല്‍ നടക്കുക.

Content Highlights: Spain register record-breaking 17-0 win over US