-
ലക്നൗ: ഉത്തർപ്രദേശ് മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന ചേതൻ ചൗഹാന്റെ മരണം കോവിഡ്-19 ബാധിച്ചല്ലെന്നും മോശം ചികിത്സ മൂലമാണെന്നും ആരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് സുനിൽ സിങ്ങ് സജൻ സിങ്ങ് രംഗത്ത്. അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻൻസിൽ മോശം ചികിത്സയാണ് ലഭിച്ചതെന്ന് സുനിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണിത്. ചൗഹാൻ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അതേ വാർഡിൽ സുനിൽ സിങ്ങും ചികിത്സയിലുണ്ടായിരുന്നു.
ഓഗസ്റ്റ് പതിനാറാം തിയ്യതിയാണ് ഗുരുഗ്രാമിലെ ആശുപത്രിയിൽവച്ച് ചൗഹാൻ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഹൃദയസ്തംഭനമുണ്ടായതോടെ ചൗഹാന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
എന്നാൽ ഇതെല്ലാം നിഷേധിക്കുന്ന ആരോപണങ്ങളാണ് ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ സുനിൽ സിങ്ങ് സജൻ ഉന്നയിക്കുന്നത്. ആശുപത്രിയിൽവച്ച് താൻ നേരിട്ടുകണ്ട സംഭവങ്ങൾ കൗൺസിലിലാണ് അദ്ദേഹം വിവരിച്ചത്. ഇതിന്റെ വീഡിയോ വൈകാതെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
ചേതൻ ചൗഹാൻ സംസ്ഥാന മന്ത്രിയാണെന്നുപോലും തിരിച്ചറിയാൻ കഴിയാത്തവരായിരുന്നു ആശുപത്രി അധികൃതരെന്ന് കൗൺസിലിലെ പ്രസംഗത്തിൽ സുനിൽ സിങ്ങ് പറയുന്നു. 'ഒരു ദിവസം റൗണ്ട്സിനിടെ വാർഡിലെത്തിയ ഡോക്ടർ ആരാണ് ചൗഹാൻ എന്ന് ഉച്ചത്തിൽ വിളിച്ചുചോദിച്ചു. അദ്ദേഹം കിടന്ന കിടപ്പിൽ തന്നെ കൈയുയർത്തി കാണിച്ചു. എപ്പോഴാണ് വൈറസ് ബാധിച്ചതെന്ന് ഡോക്ടർ ചൗഹാനോട് ചോദിച്ച് മനസ്സിലാക്കി. എല്ലാ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ ഡോക്ടർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ 'എന്താണ് താങ്കളുടെ ജോലി' എന്ന് ചൗഹാനോട് ചോദിച്ചു. യോഗി ആദിത്യനാഥ് സർക്കാരിൽ ഒരു മന്ത്രിയാണ് എന്നായിരുന്നു ചൗഹാന്റെ മറുപടി. ഇതുകേട്ട് എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്ത്യയ്ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള വ്യക്തിയാണ് അതെന്ന് ഞാൻ ശബ്ദമുയർത്തി പറഞ്ഞു, 'ഓ, ഇതാണോ ആ ചേതൻ' എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.' സുനിൽ സിങ്ങ് വിവരിക്കുന്നു.
എന്നാൽ ചികിത്സക്കിടെ ചൗഹാനോട് പലതവണ നേരിട്ടു സംസാരിച്ചിട്ടുണ്ടെന്നും ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ചൗഹാൻ പറഞ്ഞിട്ടില്ലെന്നും ആശുപത്രി ഡയറക്ടർ ഡോക്ടർ ആർ.കെ ധിമൻ ചൂണ്ടിക്കാട്ടുന്നു. ചികിത്സയിൽ കഴിയുമ്പോൾ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് അദ്ദേഹം ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറിയതെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ധിമൻ വ്യക്തമാക്കി. ഉത്തർ പ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, പി.ആർ.ഡി, ഹോം ഗാർഡ്സ്, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ചൗഹാൻ.
Content Highlights: SP MLC, Chetan Chauhan died due to poor treatment, not Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..