കൊല്‍ക്കത്ത: നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊറോണറി ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെന്‍ഡ് ഘടിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആദ്യം ഹൃദയാഘാതം അനുഭവപ്പെട്ട ഗാംഗുലിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്നിനുമാത്രമാണ് അന്ന് സ്റ്റെന്‍ഡ് ഇട്ടത്.

അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊല്‍ക്കത്തയിലെ അപ്പോളോ ഗ്ലെനെഗല്‍സ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തര്‍ഷി ബസു, ഡോ. സരോജ് മൊണ്ഡല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ. അഫ്താബ് ഖാനാണ് സ്റ്റെന്റിങ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എങ്കിലും കര്‍ശന നിരീക്ഷണം തുടരുമെന്നും അപ്പോളോ ഗ്ലെനെഗല്‍സ് ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ കൊല്‍ക്കത്തയിലെ അപ്പോളോ ഗ്ലെനെഗല്‍സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: Sourav Ganguly undergoes another angioplasty Two stents implanted