കൊല്‍ക്കത്ത: ഹൃദയാഘാതത്തെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ജനുവരി ആറ് ബുധനാഴ്ച ആശുപത്രി വിട്ടേക്കും. 

കൊല്‍ക്കത്തയില്‍ ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി സി.ഇ.ഒ ഡോ. രുപാലി ബസുവാണ് ഇക്കാര്യം അറിയിച്ചത്. 

വീട്ടിലേക്ക് മാറ്റുന്ന ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ദിവസേന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആശുപത്രി സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

ജനുവരി രണ്ട് ശനിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെയാണ് നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദയാഘാതമാണെന്ന് വ്യക്തമായതിനു പിന്നാലെ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദാദയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. 

രക്തധമനിയിലെ തടസ്സം പൂര്‍ണമായും ഒഴിവാക്കിയെന്നും ഒരുമാസംകൊണ്ട് പൂര്‍ണ ആരോഗ്യവാനാവുമെന്നും ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്‌ലാന്‍ഡ്സ് ആശുപത്രി അധികൃതര്‍ പറഞ്ഞു. അദ്ദേഹത്തിന് ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ശനിയാഴ്ച ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഗാംഗുലിയുടെ രക്തസമ്മര്‍ദവും ഓക്‌സിജന്റെ അളവുമെല്ലാം സാധാരണ നിലയിലാണ്.

Content Highlights: Sourav Ganguly to be discharged on January 6