കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ്.

മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഹോം ക്വാറന്റൈനിലാണ് ദാദ. മുൻകരുതൽ നടപടി എന്ന നിലയ്ക്ക് നൽകിയ സാമ്പിളാണ് നെഗറ്റീവായിരിക്കുന്നത്.

ഗാംഗുലി സ്വമേധയാ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നും ഫലം നെഗറ്റീവാണെന്നും ഗാംഗുലിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതേസമയം രോഗബാധിതനായ സ്നേഹാശിഷ് ഗാംഗുലി സുഖം പ്രാപിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാനായേക്കും. വെർച്വൽ മീറ്റിങ്ങുകളിലൂടെ ഇപ്പോൾ അദ്ദേഹം ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ജൂലായ് 15-നാണ് സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്നേഹാശിഷുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ സൗരവ് ഗാംഗുലി ക്വാറന്റൈനിൽ പ്രവേശിച്ചത്.

സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ഐസൊലേഷനിലായിരുന്നു. ഇതിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക് സ്നേഹാശിഷ് മാറിയിരുന്നു.

സ്നേഹാശിഷിന്റെ മോമിൻപുരിലെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights:Sourav Ganguly tests negative for Covid-19, Sourav Ganguly health update