കൊല്‍ക്കത്ത: കോവിഡ് ബാധിതനായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗാംഗുലിയുടെ ഒമിക്രോണ്‍ വേരിയന്റ് പരിശോധന നെഗറ്റീവായതിനു പിന്നാലെയാണ് വെള്ളിയാഴ്ച അദ്ദേഹം ആശുപത്രി വിട്ടത്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ 49-കാരനായ ഗാംഗുലിക്ക് മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയ്ല്‍ തെറാപ്പി നല്‍കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിക്ക് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷം, ഗാംഗുലിക്ക് സമാനമായ നെഞ്ചുവേദന ഉണ്ടായി. ഇതോടെ അദ്ദേഹത്തെ രണ്ടാം ഘട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

Content Highlights: sourav ganguly tested negative for omicron variant discharged from hospital