കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.

അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കൊല്‍ക്കത്തയില്‍ ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്‌ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ഗാംഗുലിയുടെ രക്തസമ്മര്‍ദവും ഓക്‌സിജന്റെ അളവുമെല്ലാം സാധാരണ നിലയിലാണ്.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ മൂന്ന് ഹൃദയധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ശനിയാഴ്ച ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ഹൃദയധമനികളില്‍ തടസം ഒഴിവാക്കാനായി സ്‌റ്റെന്റ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ഗാംഗുലിയുടെ അവസ്ഥ വിലയിരുത്തിയ ശേഷമാകും മറ്റൊരു ആന്‍ജിയോപ്ലാസ്റ്റി വേണമോ എന്ന കാര്യം തീരുമാനിക്കുകയെന്നും ആശുപത്രി വക്താവ് അറിയിച്ചു. ബൈപാസ് സര്‍ജറിയുടെ ഓപ്ഷനെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെയാണ് നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയില്‍ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Content Highlights: Sourav Ganguly stable and his health parameters are normal says doctors