മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍. അശ്വിന്റെ തിരിച്ചുവരവും ശിഖര്‍ ധവാന്റേയും യുസ്‌വേന്ദ്ര ചാഹലിന്റേയും പുറത്താകലുമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. എന്നാല്‍ എം.എസ്. ധോനിയുടെ തിരിച്ചുവരവ് ആ ചര്‍ച്ചയ്‌ക്കിടയില്‍ മുങ്ങിപ്പോയി. ഒക്ടോബര്‍ 18-ന് തുടങ്ങുന്ന ലോകകപ്പില്‍ ടീം ഉപദേശകനായി ധോനി യു.എ.ഇയിലേക്ക് വിമാനം കയറും. ഒമാനിലും യു.എ.ഇയിലുമായാണ് ലോകകപ്പ് നടക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ധോനി ഇന്ത്യന്‍ ടീമിനൊപ്പം ആദ്യമായി ചേരുകയാണ്. 2019 ലോകകപ്പില്‍ ന്യൂസീലന്റിനെതിരായ സെമി ഫൈനലാണ് ധോനിയുടെ അവസാന അന്താരാഷ്ട്ര മത്സരം. 

അതേസമയം ധോനി വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം എത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. 'ധോനിയുടെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് സഹായമാകും. ട്വന്റി-20 ഫോര്‍മാറ്റില്‍ ധോനിക്ക് മികച്ച പരിചയസമ്പത്തുണ്ട്. ഇന്ത്യന്‍ ടീമിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമായി ധോനി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരുപാട് കൂടിയാലോചനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കിയത്. 2013-ന് ശേഷം നമ്മള്‍ ഐ.സി.സി. കിരീടങ്ങള്‍ ഒന്നും നേടിയിട്ടില്ല.'  ഗാംഗുലി വ്യക്തമാക്കുന്നു. 

ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീം സ്റ്റീവ് വോയെ ഉപദേശകനായി നിയമിച്ച കാര്യവും ഗാംഗുലി ഓര്‍മിപ്പിച്ചു. 2013-ല്‍ ധോനിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐ.സി.സി. കിരീടം നേടിയത്. 

Content Highlights: Sourav Ganguly reveals why BCCI appointed MS Dhoni as team mentor for T20 World Cup