കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ സൗരവ് ഗാംഗുലിക്ക് പക്ഷേ ഐ.പി.എല്ലിൽ തിളങ്ങാനായിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്നു ഗാംഗുലി. ആദ്യ സീസണിൽ ഗാംഗുലിയുടെ കീഴിൽ ടീം നേടിയത് ആറാം സ്ഥാനം മാത്രം. രണ്ടാം സീസണിൽ ഗാംഗുലിക്ക് പകരം ന്യൂസീലൻഡ് താരം ബ്രണ്ടൻ മക്കല്ലം ക്യാപ്റ്റനായെങ്കിലും ടീമിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സീസണിൽ ഗാംഗുലി വീണ്ടും ക്യാപ്റ്റനായിട്ടും ടീം ആദ്യ നാലിൽ എത്തിയില്ല. ഇതോടെ ഗാംഗുലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു. പകരം ക്യാപ്റ്റനായി ഗൗതം ഗംഭീർ എത്തി. 2011-ൽ ആയിരുന്നു ഇത്. ഗംഭീർ വന്നതോടെ 2012-ലും 2014ലും കൊൽക്കത്ത കിരീടം നേടി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഉണർവ്വ് നൽകിയ ഗാംഗുലിക്ക് എന്തുകൊണ്ട് ഐ.പി.എല്ലിൽ വിജയിക്കാനായില്ല എന്ന ചോദ്യം ആ സമയത്ത് ഉയർന്നുവന്നു. ഈ ചോദ്യത്തോട് ആദ്യമായി പ്രതികരിക്കുകയാണ് നിലവിൽ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി. ടീം തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടമസ്ഥനായ ബോളിവുഡ് താരം ഷാരൂഖ് ഖാനോട് സമ്പൂർണ അധികാരം ചോദിച്ചെന്നും എന്നാൽ ഷാരൂഖ് അതു തന്നില്ലെന്നും ഗാംഗുലി പറയുന്നു. സ്പോർട്സ് ജേണലിസ്റ്റ് ഗൗതം ഭട്ടാചാര്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി.

'കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്ന ഗംഭീറിനോട് ടീം ഉടമ ഷാരൂഖ് ഖാൻ 'ഇത് താങ്കളുടെ ടീമാണ്, ഞാൻ ഒരു ഇടപെടലും നടത്തില്ല' എന്നു പറഞ്ഞതായി ഗംഭീർ സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പരിപാടിയിൽ പറയുന്നതുകേട്ടു. സത്യത്തിൽ ഞാൻ ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും ഇതേ കാര്യമാണ്. ഈ സ്വാതന്ത്ര്യമാണ്. ഈ ടീമിനെ എന്നെ ഏൽപ്പിക്കൂ എന്നു ഞാൻ പറഞ്ഞതാണ്. പക്ഷേ അന്ന് അദ്ദേഹം അതു കേട്ടില്ല. ടീമിൽ ഇടപെടലുകൾ നടത്തി', ഗാംഗുലി വ്യക്തമാക്കുന്നു.

ഐ.പി.എല്ലിൽ ക്യാപ്റ്റൻമാർക്ക് പൂർണ സ്വാതന്ത്ര്യമുള്ള ടീമുകളേ നേട്ടമുണ്ടാക്കിയിട്ടുള്ളൂവെന്നും ഗാംഗുലി പറയുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ നോക്കൂ, ധോനിയാണ് അവിടെ എല്ലാം നിയന്ത്രിക്കുന്നത്. മുംബൈയെ നോക്കൂ, രോഹിത് ശർമയോട് ആർക്കെങ്കിലും അവർക്ക് താത്‌പര്യമുള്ള കളിക്കാരനെ ടീമിലെടുക്കണമെന്ന് പറയാനാകുമോ? എന്നാൽ കൊൽക്കത്തയിൽ ഞാനും കോച്ച് ജോൺ ബുക്കാനനും തമ്മിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു പ്രധാനപ്രശ്നം. ആദ്യ സീസണിന്റെ അവസാനത്തോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

കൊൽക്കത്തയ്ക്ക് നാല് ക്യാപ്റ്റൻമാരെ വേണമെന്നായിരുന്നു കോച്ചിന്റെ ചിന്ത. തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരുന്നു അത്. അങ്ങനെ കൊൽക്കത്ത ടീമിൽ മക്കല്ലം ക്യാപ്റ്റനായി. അടുത്തയാൾ ക്യാപ്റ്റനായി. ബൗളിങ്ങിന് ഒരു ക്യാപ്റ്റൻ വന്നു. പിന്നെ എന്തിനൊക്കെയാണ് ക്യാപ്റ്റൻ വന്നതെന്ന് എനിക്ക് അറിയില്ല- ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്തയ്ക്കൊപ്പം മൂന്നു സീസൺ കളിച്ച ശേഷം ടീം വിട്ട ഗാംഗുലി പിന്നീട് പുണെ വാരിയേഴ്സിൽ ചേർന്നു. ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായും പ്രവർത്തിച്ചു.