കൊല്‍ക്കത്ത: ഇന്ത്യ - പാകിസ്താന്‍ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഈ ചോദ്യം ചോദിക്കേണ്ടത് മോദിജിയോടും, പാക് പ്രധാനമന്ത്രിയോടുമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അവരുടെ അനുമതിയോട് കൂടിയേ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാനാകൂ. വിദേശ പര്യടനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി കൂടിയേതീരൂ. അതിനാല്‍ തന്നെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മില്‍ 2012-ലാണ് ഇതിനു മുമ്പ് ഉഭയകക്ഷി പരമ്പര നടന്നത്. ഇന്ത്യയായിരുന്നു വേദി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളാകുകയായിരുന്നു.

Content Highlights: Sourav Ganguly on India-Pakistan Bilateral Cricket