ന്യൂഡല്‍ഹി:  നേരത്തെ നിശ്ചയിച്ച പോലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി-20യ്ക്ക് ന്യൂഡല്‍ഹി തന്നെ വേദിയാകുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഞായറാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് കോട്‌ലയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുമെന്ന് എ.എന്‍.ഐയോട്  സൗരവ് ഗാംഗുലി വ്യക്തമാക്കി. 

ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ വായുവില്‍ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ചതോടെ വേദി മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം വ്യക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗാംഗുലിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. ന്യൂഡല്‍ഹിയില്‍ ഒരു കാരണവശാലും മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ട്‌ ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.

വ്യാഴാഴ്ച്ച ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയത് മാസ്‌ക് ധരിച്ചാണ്. 2017 ഡിസംബറില്‍ ഇവിടെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ശ്രീലങ്കന്‍ താരങ്ങള്‍ മലിനീകരണത്തെ ചെറുക്കാന്‍ മാസ്‌ക് ധരിച്ച് കളിച്ചത് വന്‍ നാണക്കേടുണ്ടാക്കിയിരുന്നു. അത്തരമൊരു അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ മത്സരം മാറ്റണമെന്ന് ക്രിക്കറ്റ് ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നു. അതേസമയം വരും ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും നില മെച്ചപ്പെടുമെന്നുമുള്ള വിലയിരുത്തലിലാണ് സംഘാടകര്‍. 

 

Content Highlights: Sourav Ganguly India vs Bangladesh T-20 Cricket Delhi air quality