ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കെതിരേ ഗുരുതര ആരോപണവുമായി മുൻ താരം കീർത്തി ആസാദ്. ഗാംഗുലി ബി.സി.സി.ഐയുടെ തലപ്പത്തെത്തിയപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹവും ഇപ്പോൾ അതേ സംഘടനക്കുള്ളിലെ രാഷ്ട്രീയക്കളിയിൽ കുരുങ്ങിയെന്നും കീർത്തി ആസാദ് ആരോപിക്കുന്നു. സ്പോർട്സ്കീഡയ്ക്ക് നൽകിയ ലൈവ് ചാറ്റിലാണ് കീർത്തി ആസാദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'ബി.സി.സി.ഐയുടെ നേതൃത്വത്തിന് ഏറ്റവും അനുയോജ്യൻ ഗാംഗുലി തന്നെയാണ്. പക്ഷേ താരങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടി ക്രിയാത്മകമായി ഗാംഗുലി ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. മുതിർന്ന താരങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ഗാംഗുലിക്ക് കഴിയണം. മുൻതാരങ്ങളുടെ പെൻഷൻ തുക കിട്ടിയേ തീരൂ. ഇക്കാര്യത്തിൽ ചർച്ചയുണ്ടാകണം. ഇക്കാര്യത്തിനുവേണ്ടി ശബ്ദമുയർത്താൻ ഗാംഗുലിക്ക് കഴിയുന്നില്ല. അദ്ദേഹവും ബി.സി.സി.ഐയുടെ രാഷ്ട്രീയക്കളിയിൽ പെട്ടുപോയി. മുതിർന്ന താരങ്ങൾക്ക് കുറച്ചുകൂടി ബഹുമാനവും പരിഗണനയും നൽകണം'. കീർത്തി ആസാദ് വ്യക്തമാക്കി.

1983-ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു കീർത്തി ആസാദ്. ഇന്ത്യക്കായി ഏഴു ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും കളിച്ചു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ കീർത്തി ആസാദ് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലെത്തി. പിന്നീട് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Content Highlights: Sourav Ganguly, BCCI, Kirti Azad