ഷാര്‍ജ:  ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെ കുറിച്ച് രസകരമായ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് വീട്ടില്‍ കാര്‍ക്കശ്യക്കാരനായതിനാല്‍ എങ്ങനെയെങ്കിലും വീട്ടില്‍ നിന്ന് മാറ്റണമെന്ന് അദ്ദേഹത്തിന്റെ മകന്റെ അഭ്യര്‍ഥന മാനിച്ചാണ് പരിശീലകനായി നിയമിച്ചതെന്ന് ഗാംഗുലി പറഞ്ഞു. 40-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുമ്പോഴാണ് ഗാംഗുലി തമാശയായി ഇക്കാര്യം പറഞ്ഞത്.

ഗ്രൗണ്ടിലേയും പുറത്തേയും സൗഹൃദം ദ്രാവിഡിനെ പരിശീലനച്ചുമതലയേല്‍പിക്കുന്നതില്‍ സഹായകരമായെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്നവരാണ്. ഒരേ സമയത്ത് ക്രിക്കറ്റില്‍ വന്ന് കൂടുതല്‍ സമയവും ഒരുമിച്ച് ജീവിച്ചവര്‍. അതുകൊണ്ടുതന്നെ പരിശീലകച്ചുമതലയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതില്‍ അത്ര പ്രയാസമുണ്ടായില്ല.' -ഗാംഗുലി വ്യക്തമാക്കുന്നു. 

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ബന്ധത്തെ കുറിച്ചും ഗാംഗുലി മനസ്സുതുറന്നു. ഇക്കാര്യം തന്റേയോ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുടേയോ കൈകളിലല്ലെന്നും ഗാംഗുലി വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരുകളാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുരാജ്യങ്ങളും പരസ്പരം കളിക്കുന്നുണ്ട്. 

Content Highlights: Sourav Ganguly Has A Hilarious Reason Behind Picking Rahul Dravid As India's Head Coach