മുംബൈ: ബി.സി.സി.ഐ അധ്യക്ഷനാവാന്‍ ഒരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്നാല്‍, ബ്രിജേഷ് പട്ടേലിനെ മറികടന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേയ്ക്കുള്ള ഗാംഗുലിയുടെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ബി.സി.സി.ഐയില്‍ നടന്ന അവസാനവട്ട കൂടിയാലോചനകള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവിലാണ് ഗാംഗുലിയുടെ നാടകീയമായ വരവ്.

ദാദയുടെ ഈ അപ്രതീക്ഷിതവരവിന് രാഷ്ട്രീയമാനം കാണുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ഗാംഗുലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചതാണ് ഇത്തരമൊരു അഭ്യൂഹത്തിന് ആക്കം പകര്‍ന്നത്. മുംബൈയിലായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ഷാ. പ്രസിഡന്റാകുന്ന ഗാംഗുലിക്കൊപ്പം അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐയുടെ സെക്രട്ടറിയാകുന്നുണ്ട്. ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞ ദിവസം ബി.സി.സി.ഐ. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ഗാംഗുലി ബി.ജെ.പിയില്‍ ചേരാന്‍ പോവുകയാണെന്നായിരുന്നു പ്രധാന അഭ്യൂഹം. പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാനുള്ള ബി.ജെ.പി.യുടെ ബൃഹദ്പദ്ധതിയുടെ ഭാഗമായാണിതെന്നും ഈ സന്ദര്‍ശനത്തെ വ്യാഖ്യാനിച്ചവരുണ്ട്. എന്നാലിപ്പോള്‍ ഇതിനൊക്കെ വിശദീകരണം നല്‍കി രംഗത്തുവന്നിരിക്കുയാണ് ദാദ.

അമിത് ഷായുമായുള്ള കൂടിക്കാഴ്ച ഒരു ഉപകാരസ്മരണയായി കാണേണ്ടതില്ലെന്നാണ് ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങളൊന്നും തന്നെയില്ല. ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്‍പും മറുപടി നല്‍കിയിട്ടുള്ളതാണ് ഞാന്‍. ബംഗാളില്‍ മമത ദീദിയെ സന്ദര്‍ശിച്ചപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ അനന്തരഫലം എന്താണെന്ന് നിങ്ങള്‍ കണ്ടതാണല്ലോ. അമിത് ഷായുമായി ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഏറെ സവിശേഷതകളുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഞാന്‍ അധ്യക്ഷാനകുന്നത് സംബന്ധിച്ചോ ബി.സി.സി.ഐയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതു സംബന്ധിച്ചോ ചോദ്യങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നിരുന്നില്ല. ഏതെങ്കിലും കാര്യം ചെയ്താല്‍ എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകും എന്നത മട്ടിലും ഒരു ചര്‍ച്ചയും നടന്നിട്ടില്ല-ഗാംഗുലി പറഞ്ഞു.

ഗാംഗുലിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നില്ലെന്ന് അമിത് ഷായും ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതൊക്കെ ഗാംഗുലിക്കെതിരേ നടക്കുന്ന അപവാദപ്രചരണങ്ങളാണ്-ഷാ വ്യക്തമാക്കി.

Content Highlights: Sourav Ganguly, BCCI, BJP, Amit Shah, Jay Shah, Cricket