കൊല്‍ക്കത്ത: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജായ താരം വീട്ടിലേക്ക് മടങ്ങി.

ഗാംഗുലി പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് ഹൃദയത്തിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിച്ച ഏവര്‍ക്കും താരം നന്ദി അറിയിച്ചു.

''ആശുപത്രിയില്‍ എന്നെ പരിചരിച്ച ഡോക്ടര്‍മാരോടുള്ള നന്ദി ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. എത്രയും പെട്ടന്ന് പറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'-ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ തീരുമാനിച്ച പ്രകാരം ബുധനാഴ്ചയായിരുന്നു ഗാംഗുലി ആശുപത്രി വിടേണ്ടിയിരുന്നത്. എന്നാല്‍ താരത്തിന്റെ ആവശ്യപ്രകാരം ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയാനുള്ള അവസരം ഒരുക്കുകയായിരുന്നു. അഞ്ചു ദിവസമാണ് ഗാംഗുലി ആശുപത്രിയില്‍ കഴിഞ്ഞത്.

Content Highlights: Sourav Ganguly discharged from Woodlands hospital, assures fans of his well being