ലാഹോര്‍: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പരകള്‍ വീണ്ടും ആരംഭിക്കാന്‍ ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇടപെടണമെന്ന ആവശ്യവുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിയെടുക്കാന്‍ ഗാംഗുലി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കണമെന്നും റാഷിദ് ലത്തീഫ് പറയുന്നു. 2004-ല്‍ ബി.സി.സി.ഐയ്ക്ക് താത്പര്യമില്ലാഞ്ഞിട്ടും പാകിസ്താനില്‍ ഇന്ത്യ കളിക്കാനെത്തിയത് ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും റാഷിദ് ലത്തീഫ് ചൂണ്ടിക്കാട്ടി.

ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബി.സി.സി.ഐ പ്രസിഡന്റായും ഗാംഗുലിക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കാനാകും. ഇരുടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളി കാണാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ വന്‍ശക്തികള്‍ പാകിസ്താനിലെത്തി കളിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ വസീം ഖാന്‍ ഇടപെടണം. എങ്കില്‍ മാത്രമേ പാക് ക്രിക്കറ്റിനും കളിക്കാര്‍ക്കും അത് സഹായകരമാകൂ. റാഷിദ് ലത്തീഫ് വ്യക്തമാക്കുന്നു. 

2004-ല്‍ പാക് പര്യടനം നടത്തിയ ഇന്ത്യ ഏകദിന പരമ്പര 3-2നും ടെസ്റ്റ് പരമ്പര 2-1നും സ്വന്തമാക്കിയിരുന്നു. അന്ന് ഗാംഗുലിയാണ് പാകിസ്താനില്‍ കളിക്കാന്‍ മുന്‍കൈയെടുത്തത്. എന്നാല്‍ 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വന്നതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നത്. 

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ ഒരു ടെസ്റ്റ് മത്സരത്തിന് പാകിസ്താന്‍ വേദിയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-0ത്തിന് പാകിസ്താന്‍ വിജയിക്കുകയും ചെയ്തു. രാജ്യാന്തര മത്സരങ്ങള്‍ നടക്കാത്തതിനാല്‍ പാകിസ്താനിലെ ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ആശ്വാസം പകര്‍ന്ന് ശ്രീലങ്ക, പാകിസ്താന്‍ പര്യടനത്തിന് തയ്യാറായത്.

Content Highlights: Sourav Ganguly can help resume India vs Pakistan cricket says Rashid Latif