ലണ്ടന്‍:  ക്രിക്കറ്റില്‍ വംശീയ വിദ്വേഷത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ 'സ്റ്റീവ്' എന്നു വിളിച്ചതില്‍ ക്ഷമ ചോദിച്ച് സോമര്‍സെറ്റ് പേസ് ബൗളര്‍ ജാക്ക് ബ്രൂക്ക്‌സ് രംഗത്തെത്തി. 2012-ല്‍ കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുമ്പോഴാണ് പൂജാരയെ ബ്രൂക്‌സ് 'സ്റ്റീവ്' എന്നു വിളിച്ചത്. 

പേരിന്റെ ആദ്യഭാഗം ഉച്ചരിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ സ്റ്റീവ് എന്ന ഇരട്ടപ്പേര് ഉപയോഗിക്കുകയാണെന്നും ബ്രൂക്ക്‌സ് പൂജാരയോട് പറയുകയായിരുന്നു. അന്ന് അതില്‍ വംശീയതയൊന്നും കണ്ടില്ലെന്നും എന്നാല്‍ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടെന്നും ബ്രൂക്ക്‌സ് വ്യക്തമാക്കി. അതുപോലെ ഇംഗ്ലീഷ് പേസര്‍മാരായ ടൈമല്‍ മില്‍സിനോടും സ്റ്റുവര്‍ട്ട് ലൗഡറ്റിനോടും സംസാരിക്കുമ്പോള്‍ വംശീയ വിദ്വേഷം നിറഞ്ഞ വാക്ക് ഉപയോഗിച്ചതിനും ബ്രൂക്ക്‌സ് ക്ഷമ ചോദിച്ചു.

അതേസമയം യോര്‍ക് ഷെയര്‍ മുന്‍താരം അസീം റഫീഖിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്ല്‍സ് രംഗത്തെത്തി. കറുപ്പ് നിറത്തിലുള്ള കളിക്കാരെ ഹെയ്ല്‍സ് 'കെവിന്‍' എന്നു വിളിക്കാറുണ്ടെന്നും ഹെയ്ല്‍സിന്റെ വളര്‍ത്തുനായയുടെ പേര് കെവിന്‍ എന്നാണെന്നും കറുപ്പ് നിറമായതിനാലാണ് ആ പേര് നല്‍കിയത് എന്നുമായിരുന്നു അസീം റഫീഖിന്റെ ആരോപണം. 

എന്നാല്‍ തന്റെ നായക്ക് പേരിട്ടതില്‍ വംശീയമായി ഒരു തരത്തിലുള്ള വിദ്വേഷമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും ഹെയ്ല്‍സ് വ്യക്തമാക്കി. അസീം റഫീഖിന്റെ ആരോപണത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മറ്റിക്ക് മുമ്പാകയൊണ് ഹെയ്ല്‍സ് മറുപടി നല്‍കിയത്. 

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് എതിരേയും അസീം റഫീഖ് ആരോപണം ഉന്നയിച്ചിരുന്നു. യോര്‍ക്‌ഷെയര്‍ ടീമില്‍ ഏഷ്യന്‍ താരങ്ങള്‍ കൂടുന്നതുമായി ബന്ധപ്പെട്ടായിരുന്നു വോണിന്റെ വംശീയ വിദ്വേഷം നിറഞ്ഞ പ്രതികണം. അസീം റഫീഖിന്റെ ഈ ആരോപണം ശരിയാണെന്ന് ഇംഗ്ലീഷ് താരം ആദില്‍ റാഷിദ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തു. 

Content Highlights: Somerset’s Jack Brooks Apologizes For Calling Cheteshwar Pujara ‘Steve’ And For His Old Racist Tweet