കറാച്ചി: ടീം അംഗമായിരിക്കെ മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നതായി മുന്‍ പേസ് ബൗളര്‍ ഷോയബ് അക്തര്‍. ചില താരങ്ങള്‍ കനേരിയക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്നതായി അക്തര്‍ ആരോപിച്ചു.
കനേരിയയുടെ മതമായിരുന്നു അതിന് കാരണം. മുന്‍ പാക് താരം അനില്‍ ദല്‍പത്തിനു ശേഷം പാക് ടീമിലെത്തുന്ന രണ്ടാമത്തെ മാത്രം ഹിന്ദുമതതസ്ഥനായിരുന്നു ഡാനിഷ് കനേരിയ. ഇരുവരും ബന്ധുക്കളുമായിരുന്നു.
മതത്തിന്റെ പേരിലുണ്ടായ സംസാരത്തെ തുടര്‍ന്ന് അക്കാലത്ത് പാക് ടീമിലെ ചിലരുമായി താന്‍ ഉടക്കിയതായും അക്തര്‍ പറഞ്ഞു. ''കനേരിയ മിടുക്കനായിരുന്നു. അവര്‍ വിവേചനം കാണിച്ച ഇതേ കനേരിയ തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഞങ്ങളെ ജയിപ്പച്ചത്'', അക്തര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനായി 61 ടെസ്റ്റുകളില്‍ നിന്ന് കനേരിയ 261 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 18 ഏകദിനങ്ങളും കളിച്ചു. 2009-ല്‍ എസക്സിനെതിരേ മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തുകളിച്ചതിന് കനേരിയ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. നാല് മാസം തടവിന് വിധിക്കപ്പെട്ട കനേരിയക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ലഭിക്കുകയും ചെയ്തു.
Content Highlights: Some of my Pakistani teammates treated Danish Kaneria unfairly because of religion Shoaib Akhtar